ജയ്പൂർ: രാജസ്ഥാനിലെ എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർഥികൾക്ക് സൂര്യനമസ്കാരം നിർബന്ധമാക്കി ബി.ജെ.പി സർക്കാർ. തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജിയും ഫയൽ ചെയ്തിട്ടുണ്ട്.
സൂര്യസപ്തമി ദിവസമായ ഫെബ്രുവരി 15 മുതൽ രാജസ്ഥാനിലെ മുഴുവൻ സ്കൂളുകളിലും സൂര്യനമസ്കാരം നിർബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിറക്കിയിരുന്നു. അനുസരിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
കടുത്ത പ്രതിഷേധമാണ് മുസ്ലിം സംഘടനകൾ ഉയർത്തിയത്. ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാനത്തെ സംഘടനകൾ ആരോപിച്ചു. ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന മുസ്ലിം സമുദായത്തിന് ഇത് വിരുദ്ധമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. തുടർന്നാണ്, സർക്കാർ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. സൂര്യനമസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി രാജസ്ഥാൻ ഹൈകോടതി ഇന്ന് പരിഗണിക്കും.
ഇതോടൊപ്പം, രാജസ്ഥാനിൽ ഹിജാബ് വിവാദം ആളിക്കത്തിക്കാനും ബി.ജെ.പി നീക്കം നടത്തുകയാണ്. സർക്കാർ സ്കൂളുകളിൽ ഹിജാബ് നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി എം.എൽ.എ ബാലമുകുന്ദ് ആചാര്യയാണ് ഹിജാബ് വിഷയം വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. നേരത്തെ, കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചിരുന്നു. സമാനമായ നീക്കമാണ് രാജസ്ഥാനിലും ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ഉയർന്നതിന് പിന്നാലെ സ്കൂളുകളിൽ ഡ്രസ്സ് കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. മറ്റിടങ്ങളിലെ ഹിജാബ് നിരോധനത്തെക്കുറിച്ചും രാജസ്ഥാനില്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസത്തിന്‍റെ ദേവതയായ സരസ്വതിയുടെ ചിത്രം സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഇല്ലാത്തവർ പ്രത്യാഘാതം നേരിടും. സർക്കാർ അംഗീകരിച്ച പ്രാർഥനകളല്ലാതെ മറ്റ് പ്രാർഥനകൾ സ്കൂളുകളിൽ പാടില്ല. സ്കൂളുകളിൽ മതപരിവർത്തന പരിപാടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.