ചെന്നൈ: രാഷ്ട്രീയ പാർട്ടി രുപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് ആരാധക പ്രതിഷേധം കനക്കുന്നതിനിടെ രജനികാന്ത് വിദേശത്തേക്ക് പോകുന്നു. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്നാണ് രജനിയുടെ വിശദീകരണം. ജനുവരി 14ന് രജനി സിംഗപ്പൂരിലേക്ക് തിരിക്കും. ആരാധ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ചെന്നൈയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം.
ഡിസംബർ 31 ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനി നേരത്തെ അറിയിച്ചിരുന്നതാണ്. രജനിയുടെ ആരാധക സംഘടനയിൽ ഇതനുസരിച്ചുള്ള മാറ്റം വരുത്തുകയും രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള രണ്ട് പേർക്ക് പുതിയ പാർട്ടിയുടെ ചുമതല നൽകുകയും ചെയ്തു. ബി.ജെ.പി യുടെ അകമഴിഞ്ഞ സഹായം പരോക്ഷമായി ലഭിക്കുക കൂടി ചെയ്തതോടെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നു തന്നെയായിരുന്നു രാഷ്ട്രീയ നിരീക്ഷകരടക്കം കരുതിയിരുന്നത്. എന്നാൽ, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, തീരുമാനത്തിൽ നിന്ന് പിൻമാറുന്നതായി രജനി പ്രഖ്യാപിക്കുകയായിരുന്നു.
ഹൈദരാബാദിൽ സിനിമ ചിത്രീകരണത്തിനിടെ രജനിക്ക് രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രജനി പിൻമാറ്റം പ്രഖ്യാപിച്ചത്. ദൈവം മുന്നറിയിപ്പ് നൽകിയതിനാൽ പിൻമാറുന്നുവെന്നായിരുന്നു വിശദീകരണം.
രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതോടെ തമിഴ്നാട്ടില്‍ ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. വിവിധയിടങ്ങളില്‍ രജനികാന്തിന്‍റെ കോലം കത്തിച്ചു. രജനികാന്തിന്‍റെ ചെന്നൈയിലെ വീടിന് മുന്നിൽ ഒരു ആരാധകൻ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ചെന്നൈ സ്വദേശി മുരുകേശനാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റ മുരുകേശനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.