ചെന്നൈ: തമിഴകത്തിൽ താമരവിരിയിക്കാൻ നിർണായക നീക്കങ്ങൾക്കായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതീക്ഷ കൈവിട്ട് ഡൽഹിക്ക് തിരിച്ചു. രജനികാന്തിനെയും അഴഗിരിയെയും അടുപ്പിക്കാനുള്ള ശ്രമമാണ് പാളിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം വിശ്രമത്തിലാണെന്നും തീരുമാനം അറിയിക്കാമെന്നുമുള്ള നിലപാടിൽ രജനികാന്ത് ഉറച്ചുനിന്നു. അമിത് ഷായുടെ സന്ദർശനത്തിന് ദിവസങ്ങൾക്കു മുമ്പ് ബി.ജെ.പി നേതൃത്വം സംഘ്പരിവാർ ൈസദ്ധാന്തികനും തുഗ്ലക് വാരിക എഡിറ്ററുമായ ഗുരുമൂർത്തി രജനികാന്തിനെ സന്ദർശിച്ചിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ ഗുരുമൂർത്തി അമിത് ഷായെ കണ്ട് അറിയിച്ചു. എൻ.ഡി.എയിലേക്ക് വന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ രജനികാന്തിെൻറ പരസ്യ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കണമെന്നാണ് അമിത്ഷാ ആവശ്യപ്പെട്ടത്.
അതിനിടെ, രജനികാന്തിന് പനി ബാധിച്ചതിനാലാണ് കൂടിക്കാഴ്ച നടക്കാത്തതെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് പനിയോ മറ്റ് അസുഖങ്ങളോ ഇല്ലെന്ന് പി.ആർ.ഒ റിയാസ് അറിയിച്ചു. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ മൂത്ത സഹോദരനെ ബി.ജെ.പിയിലെത്തിച്ച് 'ഷോക്ട്രീറ്റ്െമൻറ്' നൽകാനുള്ള നീക്കവും ഫലം കണ്ടില്ല. ബി.ജെ.പിയിൽ ചേരുന്നത് ആത്മഹത്യാപരമാവുമെന്ന് കുടുംബാംഗങ്ങളും അനുയായികളും ഉപദേശിച്ചതിനെ തുടർന്നാണ് അഴഗിരിയും മാറിനിന്നത്.
തുടർന്നാണ് അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം ഉൗട്ടിയുറപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനതലത്തിൽ ബി.ജെ.പി - അണ്ണാ ഡി.എം.കെ കക്ഷികൾക്കിടയിലെ പടലപിണക്കം അവസാനിപ്പിക്കാൻ പ്രഖ്യാപനത്തിന് കഴിെഞ്ഞങ്കിലും അണ്ണാ ഡി.എം.കെയിലെ ന്യൂനപക്ഷ നേതാക്കളിലും പ്രവർത്തകരിലും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 234 അംഗ നിയമസഭ സീറ്റിൽ 40 സീറ്റാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടത്. 25ൽ കൂടുതൽ നൽകാനാവില്ലെന്ന് അണ്ണാ ഡി.എം.കെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.