രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കർണാടകയിൽ മൂന്ന് സീറ്റ് നേടി ബി.ജെ.പി കരുത്ത് കാട്ടി. കോൺഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. ബി.ജെ.പിയുടെ നിർമല സീതാരാമൻ, നടൻ ജഗ്ഗീഷ്, ലെഹര്‍ സിങ് സിരോയ, കോൺഗ്രസിലെ ജയറാം രമേശ് എന്നിവരാണ് വിജയിച്ചത്. ത്രികോണ മത്സരം നടന്ന നാലാം സീറ്റിൽ വിജയം ബി.ജെ.പിയുടെ ലെഹര്‍ സിങ് സിരോയക്കൊപ്പം നിന്നു. രണ്ട് സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന പരാതി വരണാധികാരി തള്ളിയതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസിനാണ് ജയം. ഒരു സീറ്റിൽ മാത്രമേ ബി.ജെ.പിക്ക് വിജയിക്കാനായുള്ളൂ. മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് നേതാക്കളാണ് ജയിച്ചുകയറിയത്. ഘനശ്യാം തിവാരിയാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പി സ്വതന്ത്രനും സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.
ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകും. കോൺഗ്രസ് എം.എൽ.എമാർ വോട്ട് പരസ്യമാക്കിയെന്ന ബി.ജെ.പിയുടെ പരാതിയിൽ കമീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് ഫലം വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിട്ടുണ്ട്. ബി.ജെ.പിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണമുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെയാണ് ഫലം വൈകുന്നത്.
15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 11 സംസ്ഥാനങ്ങളില്‍നിന്നായി എതിരില്ലാതെ 41 പേരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.