ന്യൂഡൽഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചണിനിരത്താനുള്ള കോൺഗ്രസ് പരീക്ഷണം രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ അതിദയനീയമായി പരാജയപ്പെട്ടു. അവസാന നിമിഷവും സ്വന്തം പക്ഷത്ത് ഉറപ്പിക്കാമായിരുന്ന 117 വോട്ടിെൻറ സ്ഥാനത്ത് 105 വോട്ടുകൊണ്ട് പ്രതിപക്ഷത്തിന് തൃപ്തിപ്പെടേണ്ടി വന്നു.
ഘടകകക്ഷിക്ക് സ്ഥാനാർഥിത്വം നൽകി പ്രാദേശിക കക്ഷികളെ പാട്ടിലാക്കാൻ ബി.ജെ.പി നടത്തിയ നീക്കത്തെ എൻ.സി.പിയുടെ വന്ദന ചവാനെ മുന്നിൽ നിർത്തി പ്രതിരോധിക്കാനായിരുന്നു ശ്രമമെങ്കിലും തുടക്കത്തിലേ ഇത് പാളി. വന്ദന ചവാനെ പിന്തുണക്കില്ലെന്ന് ബിജു ജനതാദളും എൻ.ഡി.എയുമായി ഇടക്കിടെ ഉടക്കാറുള്ള ശിവസനേയും വ്യക്തമാക്കിയതോടെയാണ് ആ നീക്കത്തിൽനിന്ന് കോൺഗ്രസ് പിന്മാറിയത്.
എന്നാൽ, ഇവർ പ്രതിപക്ഷത്തിന് വോട്ട് നൽകാനേ തീരുമാനിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് വന്ദന ചവാനെ മാറ്റിയിട്ടും ഇൗ രണ്ടു പാർട്ടികളും എൻ.ഡി.എക്ക് വോട്ടു ചെയ്ത നടപടി. ആ നിലക്ക് ബി.ജെ.പിയുമായി ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നു. പ്രഖ്യാപനത്തിന് തലേന്നാൾ വരെ കാത്തിരുന്നുെവന്ന് മാത്രം.വന്ദന ചവാൻ പിന്മാറിയതോടെ മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കൂടുതൽവോട്ട് സമാഹരിക്കാൻ കഴിവുള്ള ഒരാളുടെ പേരും നിർദേശിക്കാനായില്ല. ഇൗ ഘട്ടത്തിലാണ് കോൺഗ്രസ് ഹരിപ്രസാദിെൻറ പേര് മുന്നോട്ടുവെച്ചത്. എന്നാൽ, ഹരിപ്രസാദിെൻറ പേര് നിർദേശിച്ച കോൺഗ്രസ്, യു.പി.എ ഘടകകക്ഷികൾക്ക് പുറമെ തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, സമാജ്വാദി പാർട്ടി, ഇടതുപാർട്ടികൾ, തെലുഗുദേശം എന്നീ സംഘടനകളെകൂടി കൂടെ നിർത്തിയെങ്കിലും ഒരു എം.പിയുള്ള പാർട്ടിയെപോലും പിടിക്കാൻ മോദിയും അമിത് ഷായും നടത്തിയ ശ്രമം കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായില്ല.
രാഹുൽ ഗാന്ധി വിളിച്ചാൽ തങ്ങൾ പിന്തുണക്കാൻ തയാറാണെന്ന് ആം ആദ്മി പാർട്ടി ബുധനാഴ്ച വൈകുന്നേരം വ്യക്തമാക്കിയിട്ടും ദുരഭിമാനത്താൽ കോൺഗ്രസ് അവർക്ക് വഴങ്ങിയില്ല. ഇേത തുടർന്ന് ‘ആപ്’ വോെട്ടടുപ്പ് ബഹിഷ്കരിച്ചു. രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാമെങ്കിൽ തെൻറ പാർട്ടിയെ പിന്തുണക്കാൻ എന്തുെകാണ്ട് അരവിന്ദ് കെജ്രിവാളിന് ഫോൺ ചെയ്തു കൂടാ എന്നാണ് ‘ആപ്’ നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ചോദിച്ചത്.
ബി.ജെ.പി ബന്ധം വിച്ഛേദിച്ച ജമ്മു-കശ്മീരിലെ പി.ഡി.പി എം.പിയെ തങ്ങൾക്കൊപ്പം നിർത്താനുള്ള ആത്മാർഥമായ ശ്രമവും കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായില്ല. ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് ബുധനാഴ്ച വൈകുന്നേരം വരെ എൻ.ഡി.എ സ്ഥാനാർഥിയെ എതിർത്ത് വോട്ടുചെയ്യുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ, അവരെയും തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. എൻ.ഡി.എയെ എതിർക്കാതെ വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് വ്യാഴാഴ്ച രാവിലെ 10 മണിയോടെ നിലപാട് മാറ്റി. മറുഭാഗത്ത് ബിജു ജനതാദൾ പിന്തുണച്ചാൽ 123 വോട്ടുറപ്പിക്കാമായിരുന്നിട്ടും മോദിയും അമിത് ഷായും ഒരു വോട്ടുള്ള ഇന്ത്യൻ നാഷനൽ ലോക്ദളിനെപോലും തങ്ങൾക്കൊപ്പം നിർത്തുകയും ചെയ്തു.
ഒരു തൃണമൂൽ കോൺഗ്രസ് എം.പിയും കരുണാനിധിയുടെ മരണംമൂലം കനിമൊഴി അടക്കം രണ്ട് ഡി.എം.കെ എം.പിമാരും സഭയിൽ വന്നില്ല. ഇതുമൂലം പ്രതിപക്ഷത്തിന് ഏറ്റവുമൊടുവിൽ കിട്ടുമെന്ന് പ്രതീക്ഷിച്ച 110 വോട്ടുപോലും നേടാനായില്ല. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ഇടതുപാർട്ടികൾ, സമാജ്വാദി പാർട്ടി, ബഹുജൻസമാജ് പാർട്ടി, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, എൻ.ഡി.എ വിട്ട തെലുഗുദേശം പാർട്ടി എന്നിവർ കോൺഗ്രസ് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദിനെ പിന്തുണച്ചു.
രാജ്യസഭയിലെ ആദ്യ ഉൗഴക്കാരനായ ഹരിവംശ് നാരായൺ സിങ് പ്രമുഖ ഹിന്ദി പത്രമായ ‘പ്രഭാത് ഖബറി’െൻറ മുൻ എഡിറ്ററും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖരെൻറ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. റിസർവ് ബാങ്കിലെ ജോലി രാജിവെച്ച് മാധ്യമപ്രവർത്തനം തിരഞ്ഞെടുത്ത ഹരിവംശ് നാരായൺ സിങ് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണെൻറ ശിഷ്യനായാണ് ബിഹാറിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.