ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി

പീഡന പരാതിയിൽ അറസ്​റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ്

ബംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്​റ്റ് ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്​ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് ഞായറാഴ്ച രാത്രിയോടെ ഗോഖകിലെ താലൂക്ക് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതിയോടൊപ്പമുള്ള സ്വകാര്യ വിഡിയോ വിവാദത്തിലും പീഡന പരാതിയിലും അന്വേഷണം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം രമേശ് ജാർക്കിഹോളിക്ക് നോട്ടീസ് നൽകിയിരുന്നു. ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസങ്ങളിലും ചോദ്യം ചെയ്യലിൽനിന്ന് രമേശ് ജാർക്കിഹോളി വിട്ടുനിന്നിരുന്നു. അറസ്​റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷക്ക് ഉൾപ്പെടെ രമേശ് ജാർക്കിഹോളി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മഹാരാഷ്​​ട്രയിലും ബംഗളൂരുവിലും പോയി മടങ്ങിയശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് രമേശ് ജാർക്കിഹോളി കോവിഡ് റാപ്പിഡ് ആൻറിജൻ പരിശോധ നടത്തിയതെന്നും തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്നും ഗോഖക് താലൂക്ക് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. രവീന്ദ്ര പറഞ്ഞു. പനിയെ തുടർന്നാണ് പരിശോധന നടത്തിയത്. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഞായറാഴ്ച രാത്രിവരെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രി 10.30ഒാടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോ. രവീന്ദ്ര പറഞ്ഞു.

രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലാണെങ്കിലും മറ്റു പ്രശ്നങ്ങളില്ല. നിലവിൽ ഐ.സി.യുവിലാണുള്ളത്. സാഹചര്യം നോക്കി തുടർ നടപടി സ്വീകരിക്കും. രമേശുമായി സമ്പർക്കത്തിലുള്ള രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ramesh jarkiholi tests covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.