ന്യൂഡൽഹി: പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും 50 ശതമാനമെന്ന സംവരണപരിധി വെച്ച സുപ്രധാന വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നു.
ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അഭിപ്രായം തേടി. ഈ മാസം 15 മുതൽ വാദം കേൾക്കും.
മണ്ഡൽ കമീഷൻ ശിപാർശയുമായി ബന്ധപ്പെട്ട് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള, 1992ലെ ഇന്ദിര സാഹ്നി കേസിലെ വിധി പിന്നീടുണ്ടായ ഭരണഘടന ഭേദഗതികളുടെ അടിസ്ഥാനത്തിൽ വിശാല ബെഞ്ച് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന കാര്യമാണ് ജസ്റ്റിസ് അശോക് ഭൂഷണിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിക്കുക.
ഒരു സമുദായത്തെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിച്ച് സംവരണ ആനുകൂല്യം അനുവദിക്കാന്‍ നിയമനിര്‍മാണ സഭകള്‍ക്ക് അധികാരം ഉണ്ടോ എന്ന വിഷയത്തിലാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയത്. മഹാരാഷ്്്ട്രയിലെ സംവരണവുമായി ബന്ധപ്പെട്ട ഹരജി മുൻനിർത്തിയാണ് സുപ്രീംകോടതി നടപടി. വിശാല മാനങ്ങളുള്ള സംവരണ വിഷയം ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിെൻറ വിധി വിശാല ബെഞ്ചിെൻറ പരിഗണനക്ക് വിടണമോ എന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ടശേഷം തീരുമാനിക്കും. പ്രാേദശികമായി സംവരണാനുകൂല്യം നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിൽ ദേശീയ പിന്നാക്ക വിഭാഗ കമീഷൻ ഇടപെടുന്നുണ്ടോ, ഭരണഘടനയുടെ 102ാം ഭേദഗതി ഫെഡറൽ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന കാര്യവും കോടതി പരിഗണിക്കും.
50 ശതമാനമെന്ന് പരിധിവെച്ച വിധി വന്നശേഷം തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ സംവരണപരിധി 60 ശതമാനത്തിലേറെ ഉയർത്തിയിട്ടുണ്ട്.
പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തി മാത്രം ഇളവുവരുത്താമെന്ന പരാമർശം ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. 50 ശതമാനമെന്ന പരിധി മറികടന്നുള്ള മഹാരാഷ്ട്ര സർക്കാറിെൻറ മറാത്ത സംവരണം ശരിവെച്ച ബോംബെ ഹൈകോടതി വിധി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
10 ശതമാനം സാമ്പത്തിക സംവരണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ ഭേദഗതി ഇന്ദിര സാഹ്നി കേസിലെ വിധിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹരജികൾ വേറെയുമുണ്ട്. വിശാല ബെഞ്ചിനു വിട്ടാൽ ഇതും കോടതിയുടെ പരിേശാധനക്ക് വിേധയമാകും.
മറ്റു പല കേസുകളിലും 50 ശതമാനമെന്ന പരിധി ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തങ്ങളുടെ നടപടി നിലനിൽക്കുന്നതാണെന്നും മഹാരാഷ്ട്ര സർക്കാർ വാദിക്കുന്നു. 102ാം ഭരണഘടന ഭേദഗതി അനുസരിച്ച് പുതുതായി സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന കേന്ദ്ര നിലപാട് ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്നും മഹാരാഷ്ട്ര ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.