തിരുവനന്തപുരം: സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ വാക്കുകൾ അവരുടെ പേരിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ഇത്തരം സംഘങ്ങൾ ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാനും ഇടപാടുകൾ നടത്തുന്നതിനുമുമ്പ് ആർ.ബി.ഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാനും ആർ.ബി.ഐ അഭ്യർഥിച്ചു. ഇക്കാര്യം വ്യക്തമാക്കി പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം പത്രപ്പരസ്യമായും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ മിക്കതും ബാങ്ക് എന്ന് പേരിനോടൊപ്പം ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനത്തെ 1625 ഓളം സഹകരണ സംഘങ്ങളെ പുതിയ നിർദേശം ബാധിക്കും. 2020 സെപ്റ്റംബറിൽ നിലവിൽ വന്ന ബാങ്കിങ് റെഗുലേഷൻ(ഭേദഗതി), 1949 ലെ ബാങ്കിങ് ഭേദഗതി എന്നീ നിയമങ്ങളിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് റിസർവ് ബാങ്ക് നീക്കം. ചില സംഘങ്ങൾ അംഗങ്ങളല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങളിൽ നിന്നും അസോസിയറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങൾക്ക് ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആർ.ബി.ഐ ലൈസൻസ് നൽകിയിട്ടില്ലെന്നും ആർ.ബി.ഐ വിജ്ഞാപനത്തിൽ സൂചിപ്പിച്ചു. ഇത്തരം സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമല്ലെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.