നോട്ട് പ്രതിസന്ധി: പി.എ.സി റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിപ്പിക്കും

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ തുടര്‍ച്ചയായ സഭാ സ്തംഭനം തുടരവെ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി  ഇടപെടുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്തി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിശദീകരണം തേടാന്‍ കെ.വി. തോമസ് അധ്യക്ഷനായ കമ്മിറ്റി യോഗം വ്യാഴാഴ്ച തീരുമാനിച്ചു.

നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ഡിസംബര്‍ 31വരെ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതിനുശേഷമാകും റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിപ്പിക്കുകയെന്ന് കെ.വി. തോമസ് പറഞ്ഞു.  അതിനിടെ,  നോട്ട് നിരോധനത്തിന്‍െറ തുടര്‍ച്ചയായി ലോക്സഭ പാസാക്കിയ ആദായനികുതി ഭേദഗതി ബില്ലില്‍ ചട്ട ലംഘനം ആരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍  രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ ഫണ്ടില്‍നിന്നുള്ള പണ വിനിയോഗത്തെ ബാധിക്കുന്ന ബില്‍ ലോക്സഭ പാസാക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്ന ചട്ടം ലംഘിച്ചാണ്  ബുധനാഴ്ച ലോക്സഭ ആദായനികുതി ഭേദഗതി പാസാക്കി നടപ്പില്‍വരുത്തിയതെന്ന്  പ്രതിപക്ഷം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തി.

 തുടര്‍ച്ചയായ 12ാം ദിവസവും പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും സ്തംഭിച്ചു. വിമാനം ലാന്‍ഡിങ് വൈകിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന മമതയുടെ ആരോപണമാണ് വ്യാഴാഴ്ച നിറഞ്ഞുനിന്നത്. തൃണമൂല്‍ അംഗങ്ങള്‍ ഇരുസഭയിലും ഇക്കാര്യം ഉന്നയിച്ച് ബഹളം വെച്ചു.  ലോക്സഭ 12 മണിയോടെ ദിവസത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് വിഷയത്തില്‍ ചര്‍ച്ചക്ക് സന്നദ്ധനായി വ്യാഴാഴ്ച രാജ്യസഭയിലത്തെി.

ഇതോടെ, പ്രതിപക്ഷത്തെ കള്ളപ്പണക്കാര്‍ എന്ന് ആക്ഷേപിച്ചതിന് പ്രധാനമന്ത്രി ആദ്യം മാപ്പു പറയണമെന്നും അല്ലാതെ ചര്‍ച്ചക്കില്ളെന്നുമായി പ്രതിപക്ഷം. നടുത്തളത്തില്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ സഭ വീണ്ടും സ്തംഭിച്ചു. ചര്‍ച്ചക്ക് തയാറായി പ്രധാനമന്ത്രി വന്നിട്ടും പ്രതിപക്ഷം ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണെന്ന് മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ പിടിപ്പുകേട് തുറന്നുകാട്ടിയതിന്  പ്രതിപക്ഷത്തെ കള്ളപ്പണക്കാരെന്ന്  അധിക്ഷേപിച്ച പ്രധാനമന്ത്രി മാപ്പു പറഞ്ഞേ മതിയാകൂവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അതിനിടെ, നോട്ട് നിരോധനത്തില്‍ സാധാരണക്കാരുടെ രോഷം തണുപ്പിക്കാന്‍ വ്യാപക പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.  

 

Tags:    
News Summary - reserve bank governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.