ന്യൂഡല്‍ഹി: ജനുവരി 10 മുതൽ ആരംഭിക്കുന്ന കരുതൽ ഡോസ് വിതരണത്തിന് സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികൾ, തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കു നിയോഗിക്കപ്പെട്ടവർ, അസുഖങ്ങളുള്ള 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവർക്കാണ് കരുതല്‍ ഡോസ് വാക്സിന് നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി.
കരുതല്‍ ഡോസ് വാക്സിന് അര്‍ഹതയുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് സ്വീകരിച്ച അതേ വാക്സിന് തന്നെയാണ് നല്‍കേണ്ടത്. കോവിഡ് വാക്സിനേഷന് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അവിടെത്തന്നെ കരുതല്‍ ഡോസ് നല്‍കാം. തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് സൗജന്യമായോ പണം ഈടാക്കിയോ കരുതല്‍ ഡോസ് നല്‍കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും പുറമേ സായുധ സേനാംഗങ്ങള്‍,കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പെഷല്‍ ഫോഴ്സ് അംഗങ്ങള്‍, കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കരുതല്‍ ഡോസിന് അര്‍ഹതയുണ്ടെന്നും നിർദേശത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ്: കുത്തിവെപ്പ് പ്രധാനമെന്ന് കമീഷൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തെരഞ്ഞെടുപ്പ് കമീഷൻ. കേന്ദ്ര ആരോഗ്യകാര്യ സെക്രട്ടറി, ആരോഗ്യ വിദഗ്ധർ എന്നിവരുമായാണ് കമീഷൻ ചർച്ച നടത്തിയത്. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, എല്ലാ വോട്ടർമാരും കുത്തിവെപ്പ് എടുത്തവരാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കമീഷൻ വ്യക്തമാക്കി.
യു.പി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ ക്രമസമാധാനനില കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുമായുള്ള യോഗത്തിലും വിലയിരുത്തി. ഈ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കോവിഡ് സംബന്ധിച്ച യോഗത്തിൽ 'എയിംസ്' ഡയറക്ടർ രൺദീപ് ഗുലേറിയ, ഐ.സി.എം.ആറിലെ ബൽറാം ഭാർഗവ എന്നിവരും പങ്കെടുത്തു.
റാലികൾക്ക് പറ്റിയ സമയമല്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോൺ വ്യാപനം കുതിച്ചുയരുന്നതിനിടെ തെരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് ഉചിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ. വി.കെ. പോൾ മുന്നറിയിപ്പു നല്കി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ ജനക്കൂട്ടം പങ്കെടുക്കുന്ന റാലികളാണ് നടക്കുന്നത്.
ഇതിനു പിറകെയാണ് വി.കെ. പോൾ ഉപദേശം നൽകിയത്. വിലക്കിന് പകരം രാഷ്ട്രീയ കക്ഷികള്‍ സ്വമേധയ വലിയ റാലികളും റോഡ്ഷോകളും നിര്‍ത്തണം എന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പു കമീഷന് മുന്നോട്ടു വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.