ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചതോടെ തങ്ങൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയാൽ മതിയെന്ന ആവശ്യവുമായി ഡോക്ടർമാർ. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ റസിഡന്‍റ് ഡോക്ർമാരാണ് ആവശ്യം ഉന്നയിച്ച് മെഡിക്കൽ സൂപ്രണ്ടിന് കത്തയച്ചത്.
'തങ്ങളുടെ ആശുപത്രിയിൽ ഭാരത് ബയോടെകിന്‍റെ കോവാക്സിന് പകരം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സിന് മുൻഗണന നൽകാനാണ് താൽപര്യം. കോവാക്സിന്റെ കാര്യത്തിൽ പരീക്ഷണങ്ങളുടെ അഭാവമുണ്ടെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ പേർ വാക്സിനെടുക്കാൻ താൽപര്യപ്പെടുന്നില്ല. ഇത് വാക്സിനേഷന്റെ ലക്ഷ്യത്തെപ്പോലും പരാജയപ്പെടുത്തും. തങ്ങൾ എല്ലാ പരീക്ഷണങ്ങളും പൂർത്തീകരിച്ച കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാൻ താൽപര്യപ്പെടുന്നു' -ഡോക്ടർമാരുടെ കത്തിൽ പറയുന്നു.
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ലെന്ന വാർത്തകൾ പുറത്തുവരികയും ആരോഗ്യ, രാഷ്ട്രീയ പ്രവർത്തകർ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിനാണ് രാജ്യത്ത് രണ്ടു വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്. കോവിഷീൽഡിനും കോവാക്സിനുമാണ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.