ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് ട്വിറ്ററിൽ ആവശ്യം. കോവിഡ് നിരവധി പേരുടെ ജീവനെടുത്ത് പടർന്നു പിടിക്കുേമ്പാഴും മോദി നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയാണെന്നാരോപിച്ച് 'ResignModi' എന്ന ഹാഷ്ടാഗിലാണ് നെറ്റിസൺസ് ഈ ആവശ്യമുന്നയിക്കുന്നത്.
'പ്രധാനമന്ത്രീ.. തീവ്രദേശീയതയും മതവൈരവും പച്ചമരുന്നുകളും കൊണ്ട് വിനാശകാരിയായ മഹാമാരിയെ നിങ്ങൾക്ക് പരാജയപ്പെടുത്താനാകില്ല. അതിന് കൃത്യമായ പ്ലാനിങ്ങും നടപടികളും ശാസ്ത്രത്തിന്റെ പിൻബലവും വേണം. അത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? ഫാഷിസ്റ്റുകളെപ്പോലെ പെരുമാറുന്നത് നിർത്തി മനുഷ്യ ജീവനുകളിലേക്ക് ശ്രദ്ധിക്കൂ' -ഭവിക കപൂർ എന്ന ട്വിറ്റർ ഹാൻഡ്ലിൽനിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച മൃതശരീരങ്ങൾ ഒന്നായി ദഹിപ്പിക്കുന്നതും സംസ്കരിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചാണ് പലരും ട്വീറ്റ് ചെയ്തത്.
'ഇന്ത്യ മുഴുവൻ മഹാമാരിയിലമരുേമ്പാൾ അദ്ദേഹം ബംഗാളിൽവന്ന് പൊതുജന റാലി നടത്തുന്നു. ഇന്ത്യയിലെ ജനങ്ങളെ ദയവായി സഹായിക്കണമെന്നാണ് മോദിയോട് ശക്തമായി അപേക്ഷിക്കാനുള്ളത്' -മറ്റൊരാൾ കുറിച്ചു. 'ചിതകളെരിയുേമ്പാൾ മോദി റാലി നടത്തുകയായിരുന്നു' എന്ന തലവാചകവും പലരും ട്വീറ്റുകളിൽ ഉപയോഗിച്ചു.
മോദി ഇപ്പോൾ രാജിെവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ട് ഭരിച്ചാൽപോലും ഇതിനേക്കാൾ മെച്ചമായിരിക്കുമെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ശിവം വിജ് ട്വീറ്റ് ചെയ്തു.
പ്രതിസന്ധികൾ നേരിടാൻ കഴിയാത്തയാളായ മോദിയെ ഒന്നല്ല, രണ്ടുതവണയാണ് നമ്മൾ തെരഞ്ഞെടുത്തതെന്നും ഇപ്പോൾ അദ്ദേഹം സ്ഥാനമൊഴിയാൻ സമയമായിരിക്കുന്നുവെന്നും മാനവ് ഗുപ്ത അഭിപ്രായപ്പെട്ടു.
ഈ പ്രധാനമന്ത്രി തുടരുകയാണെങ്കിൽ രാജ്യം നമ്മുടെ എല്ലാ ദുഃസ്വപ്നങ്ങൾക്കുമപ്പുറത്തെ വൻദുരന്തത്തിലമരുമെന്ന് തമിഴ് എഴുത്തുകാരി ഡോ. മീന കന്തസ്വാമി ട്വീറ്റ് ചെയ്തു. 'മിസ്റ്റർ പ്രധാനമന്ത്രീ..നിങ്ങൾ ഒരാളാണ് ഇതിനെല്ലാം ഉത്തരവാദി. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന നിലയിൽമാത്രമല്ല, വാരാണസിയിലെ എം.പി എന്ന നിലയിലും താങ്കൾ പരാജയപ്പെട്ടിരിക്കുന്നു' -വാരാണസിയിലെ ചിതകളെരിയുന്ന ശ്മശാനത്തിന്റെ ചിത്രസഹിതമുള്ള ട്വീറ്റുകളിലൊന്ന് ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.