മുംബൈ: ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ് വെടിവെച്ചു കൊന്ന മൂന്ന് യാത്രക്കാരുടെയും റെയിൽവേ പൊലീസ് എ.എസ്.ഐയുടെയും കുടുംബങ്ങൾക്ക് റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട എ.എസ്.ഐയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും യാത്രക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതവുമാണ് നൽകുക.
കൊലപാതകം നടത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ (33) ആഗസ്റ്റ് ഏഴുവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ബോർഡ് അഞ്ചംഗ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. മൂന്നുമാസത്തിനകം റിപ്പോട്ട് സമർപ്പിക്കണം.
ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിലെ പാൽഘർ സ്റ്റേഷനു സമീപം എത്തിയപ്പോൾ ആദ്യം എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചുവീഴ്ത്തിയ ചേതൻ സിങ് അടുത്ത കോച്ചിലെത്തി മുസ്‍ലിംകളായ മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്ക് സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരിച്ച യാത്രക്കാരിൽ മഹാരാഷ്ട്ര പാൽഘർ സ്വദേശി അബ്ദുൽ ഖാദർഭായ് മുഹമ്മദ് ഹുസൈൻ ഭൻപുർവാല (48), ബിഹാർ മധുപനി സ്വദേശി അസ്ഗർ അബ്ബാസ് ശൈഖ് (48), സദർ മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ചേതൻ സിങ്ങിന്റെ സർവിസ് തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് അടുത്ത സ്റ്റേഷനുസമീപം ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് പിന്തുടർന്ന് പിടികൂടി. ബൊരിവാലി റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് മൃതദേഹങ്ങൾ ട്രെയിനിൽനിന്ന് പുറത്തിറക്കിയത്.
ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ആക്രമണത്തിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ പൊലീസ് ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
ടിക്കാറാം മീണയുടെ ബന്ധുക്കൾക്ക് 20,000 രൂപ ശവസംസ്കാരച്ചെലവിന് പുറമെ റെയിൽവേ സുരക്ഷാ കല്യാൺ നിധിയിൽ നിന്ന് 15 ലക്ഷം രൂപ നൽകും. ഗ്രാറ്റുവിറ്റി, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി എന്നിവയിൽ നിന്നുള്ള തുകയും ആശ്രിതനിയമനവും നൽകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.