ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർ.എസ്.എസ് നേതാക്കൾ രണ്ടാംവട്ടവും കൂടിക്കാഴ്ച നടത്തി. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്ങിന്‍റെ വസതിയിൽ ജനുവരി 14നായിരുന്നു കൂടിക്കാഴ്ച. മൂന്നു മണിക്കൂർ നീണ്ട സംഭാഷണത്തിൽ വിദ്വേഷ പ്രസംഗം, ആൾക്കൂട്ട ആക്രമണം, ബുൾഡോസർ രാഷ്ട്രീയം, മഥുര-കാശി ക്ഷേത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ആശയവിനിമയത്തിനൊടുവിൽ മുസ്‌ലിം നേതാക്കളുമായി സംവാദം തുടരാൻ നാലുപേരെ ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാർ, റാം ലാൽ, കൃഷ്ണ ഗോപാൽ എന്നിവർ കുടിക്കാഴ്ചക്കെത്തിയത്.
ജങ്ങിനെ കൂടാതെ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, പത്രപ്രവർത്തകൻ ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവരും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, ദയൂബന്ദ് ദാറൂൽ ഉലൂം, ശിയാ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ തലേന്നാൾ ശാഹിദ് സിദ്ദീഖിയുടെ വീട്ടിൽ മുസ്ലിംനേതാക്കൾ ഒത്തുകൂടി ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ ധാരണലെത്തിയിരുന്നു. മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളും പാർശ്വവത്കരണവും തങ്ങൾ വീണ്ടും ചർച്ച ചെയ്തെന്നും വിവിധ നഗരങ്ങളിൽ തുടർ സംഭാഷണങ്ങണ്ടാകുമെന്നും ശാഹിദ് സിദ്ദീഖി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നതായി മുസ്‌ലിം പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ച ആർ.എസ്.എസ് നേതാക്കൾ അത് നിയന്ത്രിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് പ്രതികരിച്ചു.
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ഓർഗനൈസർ, പാഞ്ചജന്യ എന്നീ സംഘടന മുഖപത്രങ്ങളിൽ നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ വിഷയമായി. ഹിന്ദു സമൂഹം 1,000 വർഷത്തിലേറെയായി യുദ്ധത്തിലാണെന്നും ഈ പോരാട്ടം വിദേശ ആക്രമണങ്ങൾക്കും സ്വാധീനങ്ങൾക്കും ഗൂഢാലോചനകൾക്കുമെതിരെയാണെന്നും മുസ്ലിംകൾ മേധാവിത്ത മനോഭാവം ഉപേക്ഷിക്കണമെന്നും ഭാഗവത് പറഞ്ഞിരുന്നു. എന്നാൽ, ഭാഗവത് അത്തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി ഉപയോഗിക്കുകയാണെന്നുമായിരുന്നു മറുപടി. ഹിന്ദിയിൽ നൽകിയ അഭിമുഖം വിവർത്തനം ചെയ്തപ്പോഴുണ്ടായ അപാകതയാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും അവർ വ്യക്തമാക്കി.
മഥുര-കാശി ക്ഷേത്രങ്ങൾ കൈമാറണമെന്ന നിർദേശം ആർ.എസ്.എസ് നേതാക്കൾ മുന്നോട്ടുവെച്ചതായി ചർച്ചയിൽ പങ്കെടുത്ത ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ പറഞ്ഞു. മറുപടിയായി കോടതി നടപടികളെ കുറിച്ച് ഞങ്ങൾ ഓർമിപ്പിച്ചു. കൂടാതെ, നിങ്ങൾ ബാബരി, കാശി, മഥുര എന്നീ മൂന്നിൽ നിർത്തുമോ എന്ന ചോദ്യത്തിന് അവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്കും സംവാദത്തിനുമുള്ള വാതിലുകൾ കൊട്ടിയടക്കുകയില്ലെന്നും എന്നാൽ മുസ്ലിംസമുദായം ഹിന്ദുത്വവിഭാഗത്തിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂട്ടായി തുറന്ന ചർച്ച നടത്തുകയെന്നതാണ് നേതാക്കളുടെ നിലപാടെന്നും ജമാഅത്തെ ഇസ്ലാമി അസി.സെക്രട്ടറി ലഈഖ് അഹ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.