അഹ്മദാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വമ്പന്‍ തട്ടിപ്പ് നടത്തിയ മധ്യപ്രദേശിലെ ‘വ്യാപം’ മോഡലില്‍ ഗുജറാത്തിലും തട്ടിപ്പ്. 2015ല്‍ നടന്ന പി.ജി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട നൂറോളം വിദ്യാര്‍ഥികളെ ജയിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. വിവരാവകാശ നിയമപ്രകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും (എം.സി.ഐ) ഗുജറാത്ത് സര്‍വകലാശാലക്കും നല്‍കിയ അപേക്ഷക്ക് കിട്ടിയ മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഗുജറാത്ത് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത മെഡിക്കല്‍ കോളജുകളിലേക്ക് 2015 ജനുവരിയിലാണ് പി.ജി പ്രവേശന പരീക്ഷ നടന്നത്. 300 സീറ്റുകളിലേക്ക് നടത്തിയ പരീക്ഷയില്‍ 900 വിദ്യാര്‍ഥികളാണ് എഴുതിയത്. ഇതില്‍ 200 പേര്‍ മാത്രമാണ് പാസായത്.
തുടര്‍ന്ന്, 100 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ഈ സീറ്റുകളില്‍ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളെ ജയിക്കാനാവശ്യമായ മാര്‍ക്ക് നല്‍കി പ്രവേശനം സംഘടിപ്പിച്ചതായാണ് വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ പി.ജി പ്രവേശന പരീക്ഷ എഴുതാതിരിക്കുകയോ പരാജയപ്പെടുകയോ മൂലം ഉണ്ടാകുന്ന ഒഴിവുകളില്‍ പ്രവേശനം നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍, ഈ ചട്ടമാണ് നഗ്നമായി ലംഘിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ എഴുതിയ മാര്‍ക്ക് ലിസ്റ്റിനു പകരം വ്യാജ മാര്‍ക്ക് ലിസ്റ്റാണ് എം.സി.ഐക്ക് അയച്ചുകൊടുത്തത്. പ്രവേശന പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥി 53 ശതമാനം മാര്‍ക്ക് നേടിയതായാണ് അയച്ചു കൊടുത്ത മാര്‍ക്ക് ലിസ്റ്റില്‍ നല്‍കിയത്. ഇങ്ങനെ നിരവധി മാര്‍ക്ക് ലിസ്റ്റുകളില്‍ പ്രകടമായ വ്യത്യാസം കണ്ടത്തെിയിട്ടുണ്ട്. സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഇനിയും ഏറെ പേര്‍ കുടുങ്ങാനാണ് സാധ്യത.
പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെപ്പോലും ജയിപ്പിച്ച് മാര്‍ക്ക് ലിസ്റ്റ് നല്‍കിയതായി കണ്ടത്തെിയിട്ടുണ്ട്. ഇതിനു പുറമെ, കള്ള ജാതി സര്‍ട്ടിഫിക്കറ്റ് വരെ പ്രവേശനത്തിനായി നല്‍കിയതും തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പേരുകേട്ട ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളാണ് ഇപ്രകാരം പ്രവേശനം നേടിയതെന്നാണ് ഞെട്ടിക്കുന്ന വസ്തുത.
ഇതുസംബന്ധമായി ഒരാഴ്ച മുമ്പുതന്നെ സംസ്ഥാന സര്‍ക്കാറിന് പരാതി ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാലയിലെ പഴയ രേഖകള്‍ സൂക്ഷ്മ പരിശോധന നടത്തുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കമീഷണന്‍ ജെ.പി. ഗുപ്ത അറിയിച്ചു. സംഭവത്തെക്കുറിച്ച പരാതി മുഖ്യമന്ത്രി വിജയ് രൂപാണിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.