ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നയതന്ത്രതലത്തിലും പ്രതിസന്ധി സൃഷ്ടിച്ചു. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് എംബസിക്ക് പരിധിവെച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ക്കശ സ്വരവുമായി റഷ്യ രംഗത്തിറങ്ങി. ആഴ്ചയില്‍ 50,000 രൂപ മാത്രം പിന്‍വലിക്കാമെന്ന വ്യവസ്ഥ എംബസി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്നതായി ഡല്‍ഹിയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കടാകിന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. യുക്രെയ്ന്‍, കസാഖ്സ്താന്‍ രാജ്യങ്ങള്‍ ഇതേ പ്രശ്നം ഉന്നയിച്ചതിനു പിന്നാലെയാണ് റഷ്യയുടെ പ്രതിഷേധം. എന്നാല്‍, ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മൗനംപാലിച്ചു.
നയതന്ത്ര കാര്യാലയങ്ങളില്‍നിന്ന് വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിരുന്നെന്നും നടപടിയൊന്നും ഉണ്ടായില്ളെന്നുമാണ് സൂചന.
ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ 200ഓളം ഉദ്യോഗസ്ഥരുണ്ട്. എംബസി പ്രവര്‍ത്തനങ്ങള്‍ക്ക് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 രൂപ മാത്രമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് റഷ്യന്‍ എംബസിയെ അറിയിച്ചത്. എംബസിയുടെ കാര്യത്തില്‍ ഇളവ് നല്‍കുന്ന നിര്‍ദേശമൊന്നും റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ളെന്നും സ്റ്റേറ്റ് ബാങ്ക് അറിയിച്ചുവെന്ന് അംബാസഡറുടെ കത്തില്‍ വിശദീകരിച്ചു. ശമ്പളത്തിനും പ്രവര്‍ത്തന ചെലവിനുമൊന്നും ഈ തുക മതിയാകില്ളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയത്തിന്‍െറ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റവും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അതല്ളെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടിവരും. വിഷയം റഷ്യന്‍ ഭരണകൂടത്തിനു മുമ്പാകെ ഉന്നയിക്കും. ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ സഹായിക്കാത്ത പ്രശ്നം ചൂണ്ടിക്കാട്ടി അവിടത്തെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയെന്നിരിക്കും. റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പണം പിന്‍വലിക്കുന്നതിന് അവിടെ പരിധിവെക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.