ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ നിയമത്തിന് പുല്ലുവിലയെന്ന് കോടതി തന്നെ തീരുമാനിച്ചതോടെ പുരാവസ്തു വകുപ്പിന്റെ ചരിത്ര സ്മാരകമായ സംഭലിലെ ചരിത്രപ്രസിദ്ധമായ ശാഹി ജമാ മസ്ജിദും ഉത്തർപ്രദേശിൽ മറ്റൊരു ബാബരി മസ്ജിദായി മാറുകയാണ്. ശാഹി ജമാ മസ്ജിദിന്ഴന്റെ പരിസരം പരിശോധിച്ചാൽ ആറ് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടം കാണുമെന്ന് പറഞ്ഞ് ഒരു ഹരജിയുമായി ഹിന്ദുത്വശക്തികൾ എത്തിയതോടെയാണ് സംഭൽ സംഘർഷഭരിതമായി തുടങ്ങുന്നത്. മുഗൾ ചക്രവർത്തി ബാബർ അത്തരമൊരു ക്ഷേത്രം തകർത്താണ് 1526-ൽ പള്ളി പണിതതെന്ന് അവകാശപ്പെട്ട് ഹരി ശങ്കർ ജെയിനും ഋഷിരാജ് ഗിരിയും ഹിന്ദുത്വ വ്യവഹാരിയായ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ മുഖേനഎത്തേണ്ട താമസം അസാധാരണ ധൃതി കാണിച്ച് പള്ളിയിൽ സർവേ നടത്താൻ സംഭാൽ കോടതി ഉത്തരവിട്ടു.
ശാഹി ജമാ മസ്ജിദ് കമ്മിറ്റിക്കൊപ്പം ബി.ജെ.പി നയിക്കുന്ന കേന്ദ്രത്തിലെയും യു.പിയിലെയും സർക്കാറുകളെയും കക്ഷി ചേർത്തായിരുന്നു ഹരജിയെങ്കിലും മുസ്ലിം ഭാഗത്തിന് നോട്ടീസ് സൽകാതെയും അവർക്ക് പറയാനുള്ളത് കേൾക്കാതെയും മുൻകരുതലായി സമാധാന യോഗം പോലും ചേരാതെയുമായിരുന്നു പ്രകോപനത്തിന് വഴിയൊരുക്കിയ സർവേ എന്ന് സംഭാൽ എം.പിയായ സിയാഉർറഹ്മാൻ ബർഖ് പറയുന്നു.
കോടതി ഉത്തരവിട്ട ഈ മാസം 19ന് രാത്രി തന്നെ സർവേക്കായി ജില്ലാ ഭരണകൂടം കമീഷണറെ അയക്കാനുള്ള സംവിധാനങ്ങളൊരുക്കി. പള്ളിയുടെ ചുറ്റുമതിലും അടച്ചിട്ട സ്റ്റേർ റൂമും പിശോധിച്ചിട്ടും രണ്ട് മണിക്കൂർ നീണ്ട സർവേയിൽ ഒന്നും കണ്ടെത്താനായില്ല. ആദ്യസർവേയുടെ ദിവസം പള്ളിക്കു ചുറ്റും തടിച്ചുകൂടിയ വിശ്വാസികളെ സമാധാനിപ്പിച്ച് തിരിച്ചയച്ചത് ബർഖായിരുന്നു.
1526 മുതൽ 1530 വരെ ബാബർ ചക്രവർത്തി ഭരിച്ചപ്പോൾ ബാബരി മസ്ജിദിനും പാനിപ്പത്ത് മസ്ജിദിനുമൊപ്പം പണിതതാണ് സംഭാലിലെ മസ്ജിദും. അവകാശപ്പെടുന്നത് പോലൊരു അടയാളവും പള്ളിയുടെ പരിസരത്ത് നിന്ന് കണ്ടെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ഞായറാഴ്ച രാവിലെ കനത്ത പൊലീസ് സന്നാഹത്തിൽ വീണ്ടും സർവേ നടത്തിയതും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ കലാശിച്ചതും.
ബാബർ നിർമിച്ച ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്താണ് രാമക്ഷേത്രം പണിതത്. ദൈവത്തോട് പ്രാർഥിച്ചപ്പോഴാണ് ആ വിധി എഴുതാനായതെന്ന് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ബാബരി മസ്ജിദിന്റെ മാതൃകയിൽ ആരാനാ സ്ഥല നിയമത്തിന് വിരുദ്ധമായി ഗ്യാൻവാപിയുടെ വുദുഖാന അടച്ചുപൂട്ടി രാജ്യത്തെ ഏതൊരു പള്ളിക്ക് മേലും ഇനിയും അവകാശവാദമുന്നയിക്കാൻ കീഴ്വഴക്കം സൃഷ്ടിച്ചു കൊടുത്തതും മുൻ ചീഫ് ജസ്റ്റിസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.