മുംബൈ: മുതിർന്ന ബി.ജെ.പി നേതാവും രണ്ടുതവണ എം.പിയുമായിരുന്ന കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ ചോർന്നതിനുപിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്ത്. ‘സ്വന്തം കർമ്മഫലം കൊണ്ട് മരിക്കാൻ പോകുന്നവനെ കൊല്ലരുത് എന്ന് ബഹുമാനപ്പെട്ട ശിവസേന തലവൻ ബാലാസാഹേബ് താക്കറെ പറയാറുണ്ടായിരുന്നു. കൃത്യം അതുതന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇനിയും ഒരുപാട് വരാനുണ്ട്. എന്താെണന്ന് കാത്തിരുന്ന് കാണാം... ജയ് മഹാരാഷ്ട്ര!’ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആദിത്യ താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരെ ടാഗ് ചെയ്ത ഈ ട്വീറ്റിൽ സോമയ്യയുടെ പേര് റാവുത്ത് പരാമർശിച്ചിട്ടില്ല.
ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ കിരിത് സോമയ്യയുടെ ദൃശ്യങ്ങൾ മറാത്തി വാർത്ത ചാനലായ ലോക് ഷാഹിയാണ് വിഡിയോ പുറത്തുവിട്ടത്. ദൃശ്യത്തിൽ ഉൾപ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് ഇത് സംപ്രേഷണം ചെയ്തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ സോമയ്യ പ്രസ്തുത സ്ഥാനം ദുരുപയോഗം ചെയ്തത് പുറത്തുകൊണ്ടുവരാനാണ് വിഡിയോ പുറത്തുവിട്ടതെന്നും ചാനൽ എഡിറ്റർ കമലേഷ് സുതാർ പറഞ്ഞു
പ്രതിപക്ഷ നേതാക്കൾക്കെതിരെ അഴിമതിയും പെരുമാറ്റദൂഷ്യവും പതിവായി ആരോപിക്കുന്ന സോമയ്യയെപ്പോലുള്ള ഒരു വ്യക്തി ഇത്തരം സംഭവത്തിൽ ഉൾപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അശ്ലീലകാര്യങ്ങളിൽ ഏർപ്പെടുന്ന കിരിത് സോമയ്യയ്ക്ക് മറ്റുള്ളവരെ ചെളിവാരിയെറിയാൻ ധാർമ്മിക അവകാശമില്ലെന്ന് എൻ.സി.പി നേതാവ് വിദ്യാ ചവാൻ പറഞ്ഞു. "കിരിത് സോമയ്യയുടെ വീഡിയോ ദൃശ്യങ്ങൾ മോശമായിപ്പോയി. അദ്ദേഹത്തിന്റെ മോശം പെരുമാറ്റവും തെറ്റായ രീതിയും ആശങ്കാകരമാണ്. അഴിമതി തുറന്നുകാട്ടുന്നതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പ്രമുഖൻ എന്ന നിലയിൽ, അത്തരം തെറ്റായ പെരുമാറ്റം ഉണ്ടായെങ്കിൽ അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കണം’ - ചവാൻ പറഞ്ഞു.
ഈ വിഡിയോയുടെ ആധികാരികത അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അജിത് പവാർ വിഭാഗം എൻസിപി നേതാവ് രൂപാലി തോംബ്രെ പാട്ടീൽ പറഞ്ഞു. "ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവന്നത് അത്യന്തം ഗൗരവകരവും ഖേദകരവുമാണ്. നിരവധി അഴിമതി സംഭവങ്ങൾ തുറന്നുകാട്ടിയ പ്രശസ്ത വ്യക്തിയാണ് കിരിത് സോമയ്യ. ഇത്തരത്തിലുള്ള വീഡിയോകൾ യഥാർഥമാണെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്" -രൂപാലി പറഞ്ഞു.
"ധാർമികതയെക്കുറിച്ച് പലപ്പോഴും പ്രഭാഷണം നടത്തുന്ന ബിജെപി നേതാക്കൾ, കിരിത് സോമയ്യയെ പ്രതിയാക്കി നിയമനടപടിയെടുക്കാൻ ധൈര്യം കാണിക്കണം. വഞ്ചനാപരമായ പൊതുജീവിതം നയിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇപ്പോൾ മുന്നോട്ട് വരണം. 'പെൺമക്കളെ രക്ഷിക്കൂ, പെൺമക്കളെ പഠിപ്പിക്കൂ' തുടങ്ങിയ കാമ്പെയ്‌നുകൾ നടത്തി കാപട്യത്തോടെ വാദിക്കുന്നവരുടെ യഥാർഥ രൂപം പുറത്തുകൊണ്ടുവരാൻ ഇത്തരം വെളിപ്പെടുത്തലുകൾക്ക് കഴിയും" -കോൺഗ്രസ് നേതാവ് യശോമതി താക്കൂർ പറഞ്ഞു.
അതേസമയം, വിഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ ആരോപിച്ചു. വിവാദ വിഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തന്റെ സത്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു. “ഞാൻ നിരപരാധിയാണ്. സ്വാധീനമുള്ള വ്യക്തികളെ വെല്ലുവിളിച്ചതിന് അവർ ഇപ്പോൾ നിന്ദ്യമായ രീതികളിലൂടെ പ്രതികാരം ചെയ്യുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും സോമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.