സത്യേന്ദ്ര ജെയിനിനെ ജൂൺ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ജൂൺ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ജെയിൻ അറസ്റ്റിലായത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ചയാണ് സത്യേന്ദ്ര ജെയിനിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി പറയുന്നത്.

ആരോഗ്യം, ആഭ്യന്തരം, ഊർജ വകുപ്പുകളുടെ ചുമതല സത്യേന്ദ്ര ജെയിൻ ആപ് സർക്കാറിൽ വഹിച്ചിട്ടുണ്ട്. ഡൽഹിയിലെ റോസ് അവന്യു കോടതിയിലാണ് ജെയിനിനെ ഹാജരാക്കിയത്. മുതിർന്ന അഭിഭാഷകൻ എൻ.ഹരി ഹരൻ സത്യേന്ദ്ര ജെയിനിനായി ഹാജരായി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇ.ഡിക്കായി കോടതിയിലെത്തിയത്.

മന്ത്രിസഭയിലെ ഒരംഗം അറസ്റ്റിലായതിന് പിന്നാലെ വ്യാജ കേസാണ് ഇതെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. സത്യത്തിന്റെ പാതയാണ് ഞങ്ങൾ പിന്തുടരുന്നത്. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. 

Tags:    
News Summary - Satyendar Jain, Delhi health minister, sent to ED custody till June 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.