മോദി കള്ളം പറഞ്ഞാലും സയൻസ് കള്ളം പറയില്ല; കോവിഡ് കണക്കിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തുവിട്ട കോവിഡ് കണക്കുകൾക്കെതിരെ രാഹുൽ ഗാന്ധി എം.പി. കോവിഡ് മരണക്കണക്കിൽ കേന്ദ്രസർക്കാർ കള്ളം പറയുകയാണ്. ഡബ്ല്യു.എച്ച്.ഒ കണക്കിൽ 47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ കേന്ദ്ര സർക്കാറിന്റെ കണക്കിൽ 4.8 ലക്ഷം പേർ മാത്രമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

മോദി കള്ളം പറഞ്ഞാലും സയൻസ് കള്ളം പറയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കൂ. അവർക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകൂ - രാഹുൽ ട്വീറ്റിൽ കൂട്ടിച്ചേർത്തു.


ഇന്ത്യയിൽ കോവിഡ് മരണം സർക്കാറിന്റെ ഔദ്യോഗിക കണക്കിനേക്കാൾ പത്തിരട്ടി അധികമാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കുറഞ്ഞത് 47 ലക്ഷം പേർ ഇന്ത്യയിൽ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. മരണസംഖ്യ 5.24 ലക്ഷം മാത്രമാണെന്നാണ് കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക നിലപാട്. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ നല്ലൊരുഭാഗവും കണക്കിൽപെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ തള്ളിയ കേന്ദ്ര സർക്കാർ, അവർ ഉപയോഗിച്ച കണക്കുകൂട്ടൽ മാതൃകകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് ആരോപിച്ചു.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലോകമെങ്ങും ഒന്നരകോടി മനുഷ്യർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. വിവിധ രാജ്യങ്ങൾ നൽകുന്ന കണക്കുകൾ പ്രകാരം 60 ലക്ഷം മാത്രമാണ് മരണം. ഈ കണക്കുകൾ ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

Tags:    
News Summary - Science does not lie even if Modi lies; Rahul Gandhi against Center in Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.