ഇംഫാൽ: മൂന്നുമാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ശവസംസ്‌കാരത്തെ ചൊല്ലിയും കുക്കി -മെയ്തേയി വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നു. കലാപം തുടങ്ങിയ മേയ് 3 മുതൽ കൊല്ലപ്പെട്ട 35 കുക്കി-സോ വംശജരുടെ കൂട്ട ശവസംസ്കാരം ഇന്ന് നടത്തുമെന്ന് തദ്ദേശീയ ആദിവാസി നേതാക്കളുടെ സംഘടനയായ ഐ.ടി.എൽ.എഫ് (ദ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം) പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്കാരച്ചടങ്ങ് അനുവദിക്കില്ലെന്ന നിലപാടുമായി മെയ്തേയ് വിഭാഗം സംഘടനയായ കൊകോമി രംഗത്തെത്തിയതാണ് സ്ഥിതി വഷളാക്കിയത്. തങ്ങൾക്ക് ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലയിലെ സർക്കാർ ഭൂമിയായ ടോർബംഗ് ബംഗ്ലാവിലാണ് കുക്കികൾ ശവസംസ്‌കാരം നടത്താൻ ഒരുങ്ങുന്നതെന്നും ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് മെയ്തേയികളുടെ മുന്നറിയിപ്പ്.
ഇന്ന് 11 മണിക്കാണ് സംസ്കാരം നടക്കേണ്ടത്. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബിഷ്ണുപൂർ-ചുരാചന്ദ്പൂർ ജില്ലാ അതിർത്തിയിലേക്ക് കൂടുതൽ കേന്ദ്ര സുരക്ഷാ സേനയെ എത്തിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട് മൂന്ന് മാസം വരെ പിന്നിട്ട 35 മൃതദേഹങ്ങളും ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലാണുള്ളത്. ഒമ്പത് കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ മാത്രമുള്ള ഇവിടെ പരമ്പരാഗതരീതിയിൽ മത്തങ്ങകളും ഐസ് സ്ലാബുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ഇതുവരെ സൂക്ഷിച്ചത്. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളത്.
മെയ്തേയികളുടെ അവകാശവാദം തെറ്റാണെന്നും ചുരാചന്ദ്പൂർ ജില്ലയിൽ ഉൾപ്പെടുന്ന ബോൾജാങ് ഗ്രാമത്തിലെ പൊതുസ്ഥലത്താണ് സംസ്‌കാരം നടത്താൻ ഉദ്ദേശിക്കുന്നതെന്നും കുക്കി സംഘടനയായ ഐടിഎൽഎഫ് അറിയിച്ചു. ഏതെങ്കിലും ഗ്രൂപ്പുകൾ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ, അനന്തരഫലങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പ്രദേശം ബിഷ്ണുപൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെങ്കിലും ചുരാചന്ദ്പൂർ റവന്യൂ ജില്ലയിലാണിത്.
അതേസമയം, കൂട്ട ശവസംസ്കാരം റദ്ദാക്കണമെന്ന് പൊലീസ് തങ്ങളോട് വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐടിഎൽഎഫ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇംഫാലിലെ രണ്ട് സർക്കാർ ആശുപത്രികളിലായി തങ്ങളുടെ 60 മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്നും കുക്കി നേതാവ് വ്യക്തമാക്കി. “അഴുകിയതും മുഖങ്ങൾ വികൃതമാക്കിയതുമായ 60 അജ്ഞാത മൃതദേഹങ്ങൾ ആശുപത്രികളിലുണ്ട്. 10 മൃതദേഹങ്ങൾ തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഞങ്ങൾക്ക് ഇംഫാലിലേക്ക് പോകാൻ കഴിയാത്തതിനാൽ ഫോട്ടോകൾ അയച്ചു തന്നാണ് ഇവ സ്ഥിരീകരിച്ചത്. പക്ഷേ ഇതുവരെ മൃതദേഹമൊന്നും ലഭിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
അക്രമങ്ങൾ തടയാൻ അസം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, ആർമി എന്നിവയുടെ കൂടുതൽ സംഘങ്ങൾ പ്രദേശത്ത് എത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മേയ് 3 മുതൽ തുടരുന്ന അക്രമങ്ങളിൽ ഇതുവരെ 150 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.