ന്യൂഡൽഹി: രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ ഒഴിവു നികത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി വ്യാഴാഴ്ച ഉച്ചക്ക് 12ന് യോഗം ചേരാനിരിക്കേ, പരിഗണിക്കാൻ പോകുന്നവരുടെ ചുരുക്കപ്പട്ടിക കൈമാറണമെന്ന് സമിതിയിലെ പ്രതിപക്ഷ പ്രതിനിധി അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
പരിഗണനയിലുള്ളവരുടെ പേരും ബയോഡാറ്റയും മുൻകൂട്ടി കൈമാറണമെന്ന് നിയമ മന്ത്രാലയ സെക്രട്ടറി രാജീവ് മണിക്ക് നൽകിയ കത്തിൽ അധിർരഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. വിവരാവകാശ കമീഷണർമാർ, മുഖ്യവിവരാവകാശ കമീഷണർ, കേന്ദ്ര വിജിലൻസ് കമീഷണർ നിയമനങ്ങളിലെ രീതി തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിലും പാലിക്കപ്പെടണമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
കോൺഗ്രസ് നേതാവായ അധിർ രഞ്ജൻ ചൗധരി പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ലോക്സഭ നേതാവ് എന്ന നിലയിൽ സുപ്രധാന നിയമന സമിതികളിൽ അംഗമാണ്. അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും അരുൺ ഗോയൽ പൊടുന്നനെ രാജി വെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമന സമിതി യോഗ്യരായ രണ്ടു പേരെ കണ്ടെത്താൻ വ്യാഴാഴ്ച യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.