ചെന്നൈ: കോടതിയിലെ ജീവനക്കാരന് സംഭവിച്ച അക്ഷരത്തെറ്റിന്‍റെ ആനുകൂല്യം മുതലാക്കി പോക്സോ കേസിലെ പ്രതി കുറ്റവിമുക്തി നേടി പുറത്തുകഴിഞ്ഞത് മൂന്ന് വർഷം. കേസ് വീണ്ടും പരിഗണിച്ച മദ്രാസ് ഹൈകോടതി തെറ്റ് തിരുത്തി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
സെമൻ (semen-ശുക്ലം) എന്ന വാക്ക് സെമ്മൺ (semman) എന്നാണ് കോടതി രേഖകളിൽ തെറ്റായി കുറിച്ചിരുന്നത്. തമിഴിൽ ചുവന്ന മണ്ണ് എന്നാണ് ഇതിനർഥം. ഈയൊരു തെറ്റിന്‍റെ ആനുകൂല്യം മുതലെടുത്തായിരുന്നു പ്രതി 2017ൽ കുറ്റമുക്തി നേടിയത്.
രണ്ടു വയസുകാരിയായ പെൺകുട്ടിയെയാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്. അമ്മ കടയിൽ പോയ സമയത്തായിരുന്നു പീഡനം. അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. കുട്ടി കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോൾ വസ്ത്രത്തിലും സ്വകാര്യഭാഗങ്ങളിലും ശുക്ലത്തിന്‍റെ അംശം കാണുകയായിരുന്നു.
തുടർന്ന് മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി തെളിയുകയും ചെയ്തു. കേസെടുത്ത പൊലീസ് കുട്ടിയെ പീഡിപ്പിച്ച അയൽക്കാരനെ അറസ്റ്റ് ചെയ്തു.
എന്നാൽ, മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കോടതി 2017ൽ പ്രതിയെ കുറ്റമുക്തനാക്കുകയായിരുന്നു. തുടർന്നാണ് അമ്മ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. കേസ് പരിശോധിച്ച ഹൈകോടതിയാണ് അക്ഷരത്തെറ്റ് കാരണം കുറ്റവാളിയെ വെറുതേവിട്ട സംഭവം കണ്ടെത്തിയത്.
കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലും ശുക്ലം കണ്ടതായിരുന്നു കേസിലെ പ്രധാന തെളിവ്. എന്നാൽ, കണ്ടത് ചെമ്മണ്ണിന്‍റെ നിറമാണെന്ന് വ്യാഖ്യാനിച്ച് പ്രതിഭാഗം കേസ് വിജയിക്കുകയായിരുന്നു.
ഇംഗ്ലീഷ് വാക്ക് തമിഴിൽ എഴുതിയപ്പോഴുണ്ടായ തെറ്റാണ് കോടതിക്ക് വലിയ പിഴവ് സംവിക്കാനിടയാക്കിയതെന്ന് ഹൈകോടതി നിരീക്ഷിച്ചു. അമ്മ പൊലീസിനോട് പറഞ്ഞത് ഹൈകോടതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന്, പ്രതിയെ 10 വർഷത്തേക്ക് തടവിന് ശിക്ഷിക്കുകയായിരുന്നു.
ഇത്തരം കേസുകളിൽ കോടതികൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും സാങ്കേതിക കാരണങ്ങൾക്ക് മാത്രം പ്രധാന്യം നൽകരുതെന്നും ഹൈകോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.