മഥുര: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായി ജൻ വിശ്വാസ് യാത്ര സംഘടിപ്പിച്ച് ബി.ജെ.പി. പ്രതിപക്ഷത്തെ കടന്നാക്രമിച്ചും അഞ്ചുവർഷത്തെ കേന്ദ്ര -സംസ്ഥാന ഭരണം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും യാത്ര നടത്തും. ഞായറാഴ്ച ആറിടങ്ങളിൽനിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ജനങ്ങളോടുള്ള സേവനമാണ് യഥാർഥ രാമരാജ്യമായി ഞങ്ങൾ കണക്കാക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
ബി.ജെ.പിയുടെ ആരെയും പ്രീണിപ്പെടുത്താത്ത നയമാണ് കഴിഞ്ഞ നാലര വർഷത്തിലധികമായി എല്ലാ വിഭാഗങ്ങളിലെയും വൻ വികസനത്തിന് കാരണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. മഥുരയിൽ ജൻ വിശ്വാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'പാവങ്ങൾക്ക് സൗജന്യ ഭവനം, ടോയ്ലറ്റ്, അഞ്ചുലക്ഷം വരെ ഇൻഷുറൻസ് തുടങ്ങിയവ നൽകുന്നതാണ് യഥാർഥ രാമരാജ്യം' -ആദിത്യനാഥ് പറഞ്ഞു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡോ. ശ്യമപ്രസാദ് മുഖർജിയുടെ ഒരു രാജ്യം, ഒരു പതാക, ഒരു ഭരണഘടന എന്ന സ്വപ്നം യാഥാർഥ്യമാക്കിയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സംസ്ഥാനത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അമേത്തിയിൽ പദയാത്ര ആരംഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് യാത്ര. സമാജ്വാദി നേതാവ് അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.