ബംഗളൂരു: ലൈംഗിക അതിക്രമവും അശ്ലീല വിഡിയോയുമായും ബന്ധപ്പെട്ട കേസിൽ ഹാസനിലെ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒരു മണിയോടെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രജ്വലിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവിന് ശേഷമാണ് ജർമനിയിൽ നിന്ന് പ്രജ്വൽ ബംഗളൂരുവിൽ മടങ്ങിയെത്തിയത്.
ലുഫ്താൻസ വിമാനത്തിൽ മ്യൂണിച്ചിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 12.48നാണ് ബംഗളൂരുവിൽ പ്രജ്വൽ എത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്ത് വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പ്രത്യേക അന്വേഷണ സംഘം മഫ്തിയിൽ നിരീക്ഷണം നടത്തി.
ഹാസൻ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ പ്രജ്വൽ 26ന് പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ 10.30ന് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാവുമെന്ന് പ്രജ്വൽ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. കർണാടക സംസ്ഥാന വനിത കമീഷന്റെ ആവശ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ മാസം 28ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ പ്രജ്വൽ നേരത്തെ രണ്ടു തവണ കബളിപ്പിച്ചിരുന്നു. ജർമനിയിൽ നിന്ന് ലുഫ്താൻസ എയർലൈൻസ് വിമാനത്തിൽ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടിക്കറ്റ് ബിഹാറിലെ ട്രാവൽ ഏജൻസി മുഖേന പ്രജ്വൽ ബുക്ക് ചെയ്തതിന്റെ രേഖ സംഘടിപ്പിച്ച എസ്.ഐ.ടി അറസ്റ്റ് ചെയ്യാൻ ബംഗളൂരു വിമാനത്താവളത്തിൽ സജ്ജമായെങ്കിലും പ്രതി വന്നിരുന്നില്ല.
കോളജ് വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പീഡിപ്പിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാൽ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു.
2021ൽ നടന്ന ലൈംഗിക അതിക്രമത്തിന്റെ അശ്ലീല വിവരണം അടങ്ങിയതാണ് പരാതി. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയിൽ വെളിപ്പെടുത്തുകയാണെന്നും പറഞ്ഞു. പരാതിയിൽ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യൽ, അതിക്രമം, പൊതുപ്രവർത്തകയോട് ലൈംഗിക വേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകൾ പ്രകാരം എസ്.ഐ.ടി കേസെടുത്തു.
അതേസമയം, വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക അതിക്രമം കാണിച്ചുവെന്ന് മുമ്പ് പരാതി നൽകിയ സ്ത്രീയാണ് തട്ടിക്കൊണ്ടു പോയതായി പുതിയ പരാതി നൽകിയത്. സ്ത്രീയുടെ മകന്റെ പരാതിയിൽ എച്ച്.ഡി. രേവണ്ണക്കെതിരെ മൈസൂരു ജില്ലയിലെ കെ.ആർ നഗർ പൊലീസ് ആണ് കേസെടുത്തത്. രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയിൽ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.