ആർ.ജെ.ഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്‍റെ ജാമ്യം റദ്ദാക്കി

ന്യൂഡൽഹി: മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഷഹാബുദ്ദീനെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഷഹാബുദ്ദീൻ നിയമം അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീംകോടതിയെ സമീപിച്ചത്.

11 വര്‍ഷത്തെ  ജയില്‍ വാസത്തിന് ശേഷം സെപ്റ്റംബർ 7നാണ് ഷഹാബുദ്ദീൻ ജയിൽ മോചിതനായത്. രാജീവ് റോഷന്‍ വധക്കേസില്‍ പട്‌ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഷഹാബുദ്ദീന്‍ പുറത്തിറങ്ങിയത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍. പല കേസുകളിലും ഷഹാബുദ്ദീൻ വിചാരണ നേരിടുകയാണ്. കൊലപാതകമടക്കം 50 കേസുകൾ ചുമത്തിയാണ് ഷഹാബുദ്ദീനെ 2005ൽ അറസ്റ്റ് ചെയ്തത്.

ഷഹാബുദ്ദീന് ജാമ്യം ലഭിച്ചതിനെ എതിർത്ത് ബി.ജെ.പി രംഗത്തുവന്നിരുന്നു. ജാമ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദി ആരോപിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണ് ജാമ്യം ലഭിക്കുന്നതിന് കാരണമായതെന്നും വിവിധ കേസുകളിലായി കീഴ്കോടതികളില്‍നിന്ന് ഷഹാബുദ്ദീന് ലഭിച്ച ജാമ്യം ഉയര്‍ന്ന കോടതികളില്‍ സര്‍ക്കാര്‍ എതിര്‍ക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം, നിയമം നിയമത്തിന്‍െറ വഴിക്ക് പോകുമെന്നായിരുന്നു  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞത്.  ജാമ്യം ലഭിച്ചത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags:    
News Summary - Shahabuddin Will Go Back To Jail, Supreme Court Cancels His Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.