കൊൽക്കത്ത: മമത ബാനർജി പ്രാധനമന്ത്രിയായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹ. ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു വനിത രാഷ്ട്രപതിയായിരിക്കുന്ന കാലത്ത് ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് വളരെ നല്ലതാണ്. ബഹുജന അടിത്തറയുള്ള മമത ബാനർജിയെപ്പോലുള്ള ഒരു തീപ്പൊരി നേതാവ് ഇതിന് അനുയോജ്യയാണ് -പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആരായിരിക്കുമെന്നത് ഉചിതമായ സമയത്ത് എടുക്കുന്ന തീരുമാനമാണ്. ഇന്ത്യയിൽ നമുക്ക് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല. രാജ്യം അതിന്‍റെ ഭാവിയെ കാണുന്ന യൂത്ത് ഐക്കണായ രാഹുൽ ഗാന്ധിയുണ്ട്, പുതിയ കാലത്തെ ചാണക്യനായ ശരത് പവാർ ഉണ്ട്, തീപ്പൊരി മാസ് ലീഡർ മമതാ ബാനർജിയുണ്ട്. പക്ഷേ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണുള്ളത് -അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ അസൻസോളിനെയാണ് ശത്രുഘ്നൻ പ്രതിനിധീകരിക്കുന്നത്. ആദ്യം ബി.ജെ.പിയോടൊപ്പമായിരുന്ന അദ്ദേഹം നാലു വർഷം മുമ്പ് കോൺഗ്രസിൽ ചേരുകയും പിന്നീട് തൃണമൂലിലെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.