താനെ: 18 ലക്ഷം രൂപ പോയി. സമ്മാനം വന്നതുമില്ല, താനെ സ്വദേശിയായ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ.
ഫേസ്ബുക്കിൽ പരിചയപ്പെട്ട ന്യൂറോ സർജൻമാരായ ദമ്പതികൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് യുവതിയുടെ പരാതി. 48 കാരിയായ സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഈ വർഷം ആദ്യമാണ് ഒരു സ്ത്രീയും പുരുഷനും യുവതിയുമായി ഫേസ് ബുക്കിൽ സൗഹൃദം തുടങ്ങുന്നത്. ഇരുവരും ലണ്ടനിൽ താമസിക്കുന്ന ന്യൂറോസർജൻമാരാണെന്നാണ് പരിചയപ്പെടുത്തിയത്.
ആഗസ്റ്റിൽ ഇരുവരും യുവതിക്ക് വിലയേറിയ സമ്മാനം അയക്കുന്നുണ്ടെന്ന് പറഞ്ഞ് സന്ദേശം അയച്ചു. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി പണം അയക്കണമെന്ന് യുവതിയോട് ഇവർ ആവശ്യപ്പെട്ടു.
അവരെ വിശ്വസിച്ച യുവതി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലായി 18,51,221 രൂപ അയച്ചു നൽകിയെന്ന് പരാതിയിൽ പറയുന്നു.
പണമയച്ചിട്ടും സമ്മാനമൊന്നും ലഭിക്കാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവതി തിരിച്ചറിഞ്ഞത്. സംഭവത്തിൽ വഞ്ചനക്കും കുറ്റകരമായ വിശ്വാസ വഞ്ചനക്കും താനെ ശ്രീനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.