ലഖിംപുർ ഖേരി: പത്തു വർഷം മുമ്പാണ് നാഥു ലാലിെൻറ മൂത്ത മകൻ സുഭാഷ് മുങ്ങിമരിച്ചത്. ഇപ്പോൾ ഇളയ മകൻ ജീവനോടെ തിരിച്ചെത്തണേയെന്ന കണ്ണീരും പ്രതീക്ഷയും കലർന്ന പ്രാർഥനയിലാണ് ഇദ്ദേഹം. ഉത്തരാഖണ്ഡിലെ മഞ്ഞു മല ദുരന്തത്തിെൻറ ആഘാതം ചെന്നുപതിച്ചത് യു.പിയിലെ ഗ്രാമങ്ങൾക്കുമേലുമാണ്.
ചമോലി ജില്ലയിലെ വെള്ളപ്പാച്ചിലിൽ തപോവൻ ജലവൈദ്യുത പ്ലാൻറിലെ നിരവധി തൊഴിലാളികളെ കാണാതായിരുന്നു. അന്നത്തിനുള്ള വകതേടി അയൽസംസ്ഥാനത്തെത്തിയവരായിരുന്നു അവർ. അക്കൂട്ടത്തിലൊരാളാണ് നാഥു ലാലിെൻറ മകൻ ധർമേന്ദ്ര. ഭുലൻപുർ ഗ്രാമത്തിലെ വീട്ടിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധർമേന്ദ്രയുടെ അവസാന വിളി വന്നത്. ദുരന്തത്തിെൻറ രണ്ടു നാൾ മുമ്പ്.
കാണാതായ 175 പേരിൽ ഒരാൾമാത്രമാണ് ഇദ്ദേഹം. ഇതിൽ 70 പേരും യു.പിയിൽനിന്നുള്ളവരാണ്. അതിൽ കൂടുതലും ഖേരി ജില്ലക്കാരും. ഗ്രാമത്തിൽതന്നെയുള്ള മറ്റുള്ളവർ തപോവൻ നിലയത്തിൽ ജോലിചെയ്ത് മാന്യമായ പ്രതിഫലം വാങ്ങുന്നത് കണ്ട് സ്വന്തം ഭാഗ്യം തേടിയിറങ്ങിയതായിരുന്നു ധർമേന്ദ്ര. ജനുവരി ആദ്യ ആഴ്ചയാണ് ഇയാൾ തപോവനിലെത്തിയത്.
ഖേരി ജില്ലയിലെ മറ്റു പതിനഞ്ച് പേരെക്കുറിച്ചും ഒരു വിവരവുമില്ല. ഇതിൽ അഞ്ചുപേർ ബന്ധുക്കളുമാണ്. 50കാരനായ ശ്രീകൃഷ്ണനും മകൻ രാജുവും ഇതിൽപെടും. ദുരന്തത്തിന് ഏതാനും മണിക്കൂർ മാത്രം മുമ്പാണ് മകൻ തന്നെ വിളിച്ചു സംസാരിച്ചതെന്ന് ശ്രീകൃഷ്ണയുടെ ഭാര്യ കണ്ണീർവാർത്തുകൊണ്ട് പറഞ്ഞു.
ഏപ്രിലിൽ വിവാഹം നിശ്ചയിച്ചിരിക്കുന്ന മകെൻറയും പിതാവിെൻറയും മടങ്ങിവരവ് കാത്തിരിക്കുകയാണ് അമ്മയും മൂന്ന് പെൺമക്കളും. ഇച്ചാനഗറിലെ അസീമും സഹപ്രവർത്തകൻ മുസീമും തലനാരിഴക്കാണ് രക്ഷപ്പെട്ടത.് എൽ.പി.ജി സിലിണ്ടർ നിറക്കാൻ തപോവൻ നിലയത്തിൽനിന്നും പോന്നപ്പോഴായിരുന്നു ദുരന്തം.
മിർസാഗഞ്ചിൽനിന്നുള്ള പത്തുപേർ സുരക്ഷിതരാണെന്ന വിവരം കിട്ടി. എന്നാൽ, എട്ടുപേരെക്കുറിച്ച് ഒന്നുമറിയാനായിട്ടില്ല. ആശ്വാസകരമായ വാർത്തയെത്തിയേക്കുമെന്ന പ്രതീക്ഷയിൽതന്നെയാണ് ഗ്രാമങ്ങളിലെ വീടുകൾ.
കാരണം ആണവ ഉപകരണം?
ഡെറാഡൂൺ: മിന്നൽപ്രളയത്തിനു കാരണം ആണവ വികിരണമുണ്ടാക്കുന്ന ഉപകരണമാകാമെന്ന് റെയ്നി ഗ്രാമവാസികൾ. പ്രളയം ഏറ്റവും ദുരിതംവിതച്ച മേഖലയിലാണ് റെയ്നി. ചൈനയെ നിരീക്ഷിക്കാനായുള്ള രഹസ്യദൗത്യത്തിനിടെ 1965ലാണ് ഈ ഉപകരണം നഷ്ടമായതെന്നും അവർ പറയുന്നു. കാഞ്ചൻജംഗക്കുശേഷം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ നന്ദദേവിയിൽ നടന്ന രഹസ്യ പര്യവേക്ഷണം സി.ഐ.എയും ഐ.ബിയും ചേർന്നാണ് നടത്തിയത്.
ഇവിടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഉപകരണം സ്ഥാപിക്കുകയായിരുന്നു ദൗത്യം. എന്നാൽ കനത്ത മഞ്ഞുവീഴ്ചമൂലം ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ഉപകരണം പർവത താഴ്വരയിൽ ഇട്ടുപോന്നു. ഒരു വർഷത്തിനുശേഷം അവർ വീണ്ടും എത്തിയെങ്കിലും ഈ ഉപകരണം കാണാനായില്ല. ഇതിന് 100 വർഷത്തെ ആയുസ്സുണ്ട് എന്നാണ് കണക്കാക്കുന്നത്. നന്ദദേവി ബയോസ്ഫിയറിലാണ് ചമോലി.
പർവതത്തിൽനിന്ന് മണ്ണും കല്ലും ഒലിച്ചുവരുേമ്പാൾ കെട്ട മണം അന്തരീക്ഷമാകെ ഉണ്ടായിരുന്നുവെന്നും അതാണ് ആണവ ഉപകരണത്തിലേക്ക് ശ്രദ്ധതിരിയാൻ കാരണമെന്നും ഗ്രാമവാസികൾ പറഞ്ഞു. 1965ലെ പര്യവേക്ഷണത്തിൽ ഗ്രാമത്തിലെ നിരവധി പേർ ചുമട്ടുകാരായിട്ടുണ്ടെന്ന് പ്രദേശവാസിയായ ദേേവശ്വരി ദേവി പറഞ്ഞു. നന്ദദേവിയിലെ മഞ്ഞുപാളികളെ ആണവ വികിരണമുള്ള ഉപകരണം മലിനീകരിക്കുന്നുവെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും 2018ൽ സംസ്ഥാനമന്ത്രി സത്പൽ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.