മുംബൈ: പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രമായ സാമ്‌ന. രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം, കോവിഡ്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ വിഷയങ്ങളെ കുറിച്ച് പറയുന്നതെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ എല്ലാ തരത്തിലും പരാജയമാണെന്നും രാമന്റെയും ഉച്ചഭാഷിണിയുടെയും പ്രശ്‌നങ്ങൾ അവതരിപ്പിച്ച് രാജ്യം നേരിടുന്ന സുപ്രധാന വെല്ലുവിളികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ വിഷയം കോവിഡിൽ നിന്ന് മാറി ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ വിമർശിക്കാനുള്ള വേദിയായി മാറി. പെട്രോൾ, ഡീസൽ വില വർധന, കൽക്കരി ക്ഷാമം, ഓക്‌സിജൻ ലഭ്യതക്കുറവ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും സംസ്ഥാനങ്ങളെയാണ് മോദി കുറ്റപ്പെടുത്തുന്നത്. കേന്ദ്രത്തിന് പിന്നെ എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും എഡിറ്റോറിയൽ ചോദിച്ചു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംഘർഷത്തിന്റെ തീ ആളിക്കത്തിക്കാനാണ് മോദി ശ്രമിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മോദി അഞ്ച് രൂപ കുറച്ചെങ്കിലും വോട്ടെണ്ണലിന് ശേഷം പത്ത് രൂപയാണ് വർധിപ്പിച്ചു. എട്ട് വർഷം കൊണ്ട് 26 ലക്ഷം കോടി രൂപയാണ് പെട്രോൾ-ഡീസൽ വഴി മോദി സർക്കാർ നേടിയതെന്നും എഡിറ്റോറിയലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.