മുംബൈ: കോടീശ്വരനും ബിസിനസുകാരനുമായ ശിവസേന നേതാവിനെതിരെ 35,000 രൂപയുടെ വൈദ്യുതി മോഷണത്തിന് കേസ്. അടുത്തിടെ റോൾസ് റോയ്സിന്റെ എട്ടുകോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിയ ഇയാളുടെ നിർമാണ സ്ഥലത്തേക്ക് 34,840 രൂപയുടെ വൈദ്യുതി മോഷ്ടിക്കുകയായിരുന്നു.
ശിവസേന നേതാവ് സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് കല്യാണിലെ കോൻസെവാദി പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര വൈദ്യുത വിതരണ കമ്പനിയുടെ പരാതിയിലാണ് നടപടി.
മാർച്ചിൽ ഗെയ്ക്വാദിന്റെ ഉടമസ്ഥതയിലുള്ള നിർമാണ സ്ഥലത്തേക്ക് ആവശ്യമായ വൈദ്യുതി മോഷണം നടത്തിയതായി എം.എസ്.ഇ.ഡി.സി.എൽ കണ്ടെത്തുകയായിരുന്നു. ഇതോടെ മോഷ്ടിച്ച വൈദ്യുതിയുടെ നിരക്കായ 34,840 രൂപയുടെയും പിഴയായി 15,000 രൂപയുടെയും ബിൽ അയച്ചു. മൂന്നുമാസത്തിനകം പിഴ അടക്കാൻ ഗെയ്ക്വാദ് തയാറാകാതെ വന്നതോടെയാണ് ജൂൺ 30ന് കമ്പനി പൊലീസിൽ പരാതി നൽകിയത്. ഗെയ്ക്വാദ് പിഴയും ബിൽ തുകയും ഉൾപ്പെടെ 49,840 രൂപ അടച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.
അതേസമയം, എം.എസ്.ഇ.ഡി.സി.എൽ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും വൈദ്യുതി മോഷണത്തിൽ അദ്ദേഹത്തിന് പങ്കില്ലെന്നും ശിവസേന പ്രവർത്തകർ അവകാശപ്പെട്ടു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.