മുംബൈ: കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കുന്നതു മായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്ന ശിവസേന രാജ്യസഭയിലും ലോക് സഭയിലും ഇരിപ്പിടം പ്രതിപക്ഷത്തേക്ക് മാറ്റി. ശീതകാല പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ ഞായറാഴ്ച നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്ന ് ശിവസേന വ്യക്തമാക്കി.
അതേസമയം, ശിവസേനയുമായുള്ള സഖ്യത്തിെൻറ അന്തിമ തീരുമാനം കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ കൈയിലാണ്. മൂന്നു പാർട്ടികളും ചേർന്ന് തയാറാക്കിയ പൊതുമിനിമം പരിപാടി, മന്ത്രിസഭ രൂപവത്കരണം എന്നിവ സോണിയയുമായി ചർച്ചചെയ്യാൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ഞായറാഴ്ച ഡൽഹിക്ക് പുറപ്പെടും. തിങ്കളാഴ്ചയാകും ചർച്ച. ഇതിനിടെ ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കളുടെ സംയുക്ത സംഘം ശനിയാഴ്ച ഗവർണറെ കണ്ടില്ല.
സംസ്ഥാനത്തെ കാർഷിക പ്രതിസന്ധി േബാധ്യപ്പെടുത്താനാണ് ഗവർണറെ കാണുന്നതെന്നാണ് അവകാശപ്പെട്ടതെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സന്ദർശനത്തിന് പ്രാധാന്യമുണ്ടായിരുന്നു. നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിൽ തിരക്കിലായതിനാൽ ഗവർണറെ സന്ദർശിക്കുന്നത് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ശിവസേന, കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ഞായറാഴ്ച എൻ.സി.പിയുടെ ഉന്നതാധികാര സമിതിയും നടക്കുന്നുണ്ട്. അതിനു ശേഷമാണ് പവാർ ഡൽഹിക്ക് പോകുക.
പാർട്ടി വക്താവ് സഞ്ജയ് റാവുത്താണ് ഞായറാഴ്ചത്തെ എൻ.ഡി.എ യോഗത്തിൽ ശിവസേന പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം, മറ്റൊരു ശിവസേന നേതാവ് പറഞ്ഞത് തങ്ങളെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ്.
അതേസമയം, ശിവസേനയുമായി രഹസ്യ ചർച്ചകൾ നടത്തുന്നതായി ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ശനിയാഴ്ചയും ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടണ് ശിവസേന മുഖപത്രം ‘സാമ്ന’ പുറത്തിറങ്ങിയത്. 105 അംഗങ്ങളുള്ള തങ്ങൾക്ക് സർക്കാറുണ്ടാക്കാൻ ആകില്ലെന്ന് പറഞ്ഞ് പിന്മാറിയ ബി.ജെ.പി സർക്കാറുണ്ടാക്കുമെന്ന് വീണ്ടും അവകാശപ്പെടുന്നത് കുതിരക്കച്ചവട ശ്രമത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ‘സാമ്ന’ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.