ഗുവാഹത്തി: അസമിലെ രാഷ്ട്രീയ സാഹചര്യം ഉത്തർപ്രദേശിന് സമാനമാക്കരുതെന്ന് തടവിലാക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകനും സ്വതന്ത്ര എം.എൽ.എയുമായ അഖിൽ ഗോഗോയ്. പൗരത്വ സമരത്തിൽ പങ്കെടുത്തതിന് 18 മാസമായി ജയിലിൽ കഴിയുന്ന അദ്ദേഹം രോഗിയായ അമ്മയെയും ഭാര്യയെയും മകനെയും കാണാൻ രണ്ടുദിവസത്തെ പരോളിന് പുറത്തിറങ്ങിയതായിരുന്നു. പരോൾ സമയം കഴിഞ്ഞ് ഇന്നലെ ജയിലിലേക്ക് മടങ്ങി.
''യുപി മോഡൽ രാഷ്ട്രീയം ഇവിടെ പ്രയോഗിക്കരുതെന്നും ജനാധിപത്യം ഉറപ്പാക്കണമെന്നുമാണ് മുഖ്യമന്ത്രിയോടുള്ള എന്‍റെ അഭ്യർത്ഥന. അസമിലുടനീളം ഇപ്പോൾ സാമുദായിക രാഷ്ട്രീയം മാത്രമേയുള്ളൂ. സംസ്ഥാനം നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചർച്ചയും നടക്കുന്നില്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം. അസമിലെ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം സാമുദായികവും ഫാഷിസവുമാക്കി മാറ്റരുത്" -റൈജോർ ദൾ നേതാവ് കൂടിയായി അഖിൽ ജന്മനാടായ ജോർഹട്ടിലെ സെലെൻഹട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നടക്കുന്ന എല്ലാ ഗൂഡാലോചനകളെയും കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയായ അമ്മയെയും ഭാര്യയെയും മകനെയും കാണാൻ 48 മണിക്കൂർ മാത്രമാണ് അഖിലിന് പരോൾ അനുവദിച്ചത്. നിയോജകമണ്ഡലമായ ശിവസാഗറിലെ ജനങ്ങളെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം എൻഐഎ പ്രത്യേക ജഡ്ജി പ്രഞ്ജൽ ദാസ് നിരസിച്ചു. ജയിലിലായതിനാൽ പ്രചാരണത്തിന് പോലും പോകാതെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസാഗർ മണ്ഡലത്തിൽ അഖിൽ ഗോഗോയി മത്സരിച്ച് വിജയിച്ചത്.
"എംഎൽഎ ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ജയിലിൽ നിന്നുള്ള തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. ഞാൻ അഴിമതിക്കാരനോ വഞ്ചകനോ ആകില്ലെന്നും എല്ലാവർക്കും ഏതുസമയവും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കുമെന്നും എന്‍റെ അമ്മയോട് ഞാൻ സത്യം ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തും" -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുവാഹതി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഖിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പരോൾ ലഭിച്ചശേഷം ഗുവാഹത്തിയിലെ വാടക വീട്ടിലേക്കാണ് പോയത്. അവിടെ കോവിഡ് മുക്തയായ ഭാര്യയോടും മകനോടുമൊപ്പം രാത്രി ചെലവഴിച്ചു. രോഗിയായ അമ്മയെ കാണാൻ ശനിയാഴ്ച രാവിലെയാണ് ജോർഹാട്ടിലേക്ക് തിരിച്ചത്. അന്ന് രാത്രി അമ്മയോടൊപ്പം ചെലവഴിച്ചു. അമ്മയാണ് എന്നും തന്‍റെ പ്രചോദനമെന്ന് പറഞ്ഞ ഗൊഗോയ്, അമ്മയോടൊപ്പം കഴിയുന്നതിനേക്കാൾ സന്തോഷകരമായ കാര്യം മറ്റൊന്നുമില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ മൂന്ന് ദിവസ നിയമസഭ സമ്മേളനത്തിൽ, സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസം മാത്രമാണ് അഖിലിന് അനുമതി ലഭിച്ചത്. വരാനിരിക്കുന്ന ബജറ്റ് സെഷനിൽ തന്‍റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, കോളജിലെ ലക്ചററായ ഭാര്യ ഗീതശ്രീ തമുലിക്ക് രണ്ട് ദിവസം മുമ്പ് ഗുവാഹത്തി ഐഐടിയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ സി.എ.എ വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളവേ, 2019 ഡിസംബർ 12 നാണ് ഗോഗോയിയെ പൊലീസ് അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് ബന്ധവും അക്രമാസക്ത പ്രതിഷേധങ്ങളിൽ പങ്കാളിത്തവും ആരോപിച്ച് അദ്ദേഹത്തെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. യു.എ.പി.എ ചുമത്തിയാണ് ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.