ശ്രദ്ധ വാൽക്കർ കൊലപാതകം: ജാമ്യത്തിന് അപേക്ഷിച്ച് പ്രതി അഫ്താബ് പൂനെവാല

ന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന് 35 കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതിയായ അഫ്താബ് പൂനെവാല ഡൽഹി സാകേത് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അപേക്ഷ ശനിയാഴ്ച പരിഗണിക്കും. പൊലീസ് ചോദ്യം ചെയ്യൽ പൂർത്തിയാ​യതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

പ്രതി ഉപേക്ഷിച്ചതാണെന്ന് കരുതുന്ന, കാട്ടിൽ നിന്ന് ലഭിച്ച എല്ലുകൾ ശ്രദ്ധ വാൽക്കറുടെത് തന്നെയാണെന്ന് വ്യാഴാഴ്ച ഡി.എൻ.എ ഫലം വന്നിരുന്നു. ശ്രദ്ധയുടെ പിതാവിന്റെ ഡി.എൻ.എയുമായി എല്ലുകളിലെ ഡി.എൻ.എ യോജിച്ചിരുന്നു. ഈ ഫലം പുറത്തു വന്നതോടെ കേസിൽ പൊലീസിന് ശക്തമായ തെളിവുകൾ ലഭ്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഫ്താബ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.

മെയ് മാസത്തിലാണ് അഫ്താബ് പങ്കാളിയായ ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി സൗത് ഡൽഹിയിലെ കാട്ടിലും മറ്റ് പലയിടത്തുമായി ഉപേക്ഷിച്ചത്. മാസങൾക്ക് ശേഷം ശ്രദ്ധയുടെ വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് കൊലപാതകം വെളിച്ചത്തായത്. തുടർന്ന് നവംബറിൽ അഫ്താബ് പൊലീസ് പിടിയിലായി. കേസിൽ അഫ്താബ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ പൊലീസിനു മുമ്പാകെ നടത്തുന്ന കുറ്റസമ്മതം കോടതിയിൽ തെളിവാകുകയില്ല. കേസിൽ ശക്തമായ തെളിവുകൾക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടെയാണ് ഡി.എൻ.എ ഫലം വന്നത്.

Tags:    
News Summary - Shraddha Walkar murder: Poonawala seeks bail after DNA test revelation - Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.