ബംഗളൂരു: കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടാൻ ബി.ജെ.പി തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന പ്രസ്താവനയിൽ നിന്ന് മലക്കംമറിഞ്ഞ് കർണാടക മുൻമന്ത്രിയും കാഗ്വാദ് എം.എൽ.എയുമായ ശ്രീമന്ത് പാട്ടീൽ. ബി.ജെ.പിയിൽ ചേർന്നത് താൻ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന മികച്ച ഭരണത്തിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം ഞായറാഴ്ച പ്രതികരിച്ചു.
പാർട്ടിയിൽ ചേരാനായി ബി.ജെ.പി തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും താൻ നിരസിക്കുകയായിരുന്നുവെന്നുമാണ് ശനിയാഴ്ച പാട്ടീൽ പറഞ്ഞത്. 'എനിക്ക് ഒരു പൈസ പോലും വേണ്ടെന്ന് ഞാൻ പറഞ്ഞു. പൊതുസേവനം നടത്താൻ ഞാൻ സർക്കാരിൽ മാന്യമായ ഒരു സ്ഥാനം തേടിയിരുന്നു'-പാട്ടീൽ പറഞ്ഞു. ബെലഗാവിയിലെ കാഗ്വാദ് താലൂക്കിലുള്ള ഐനാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പാട്ടീലിന്‍റെ പരാമർശം.
എതിർപാർട്ടികളിൽ നിന്ന് എം.എൽ.എമാരെ അടർത്തിയെടുക്കാൻ ബി.ജെ.പി നടത്തിയ 'ഓപറേഷൻ താമര'യെ കുറിച്ച് കോൺഗ്രസും ജെ.ഡി.എസും നടത്തിയ ആരോപണങ്ങൾ ഇക്കാലം വരെ പാർട്ടി നിഷേധിക്കുകയായിരുന്നു. എന്നാൽ പാട്ടീലിന്‍റെ വെളിപ്പെടുത്തൽ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
2019ൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യ സർക്കാറിനെ താഴെ ഇറക്കി ബി.ജെ.പിയിലേക്ക് പോയ 16 എം.എൽ.എമാരിൽ ഒരാളാണ് പാട്ടീൽ. 2018ൽ കോൺഗ്രസ് ടിക്കറ്റിലാണ് പാട്ടീൽ വിജയിച്ചത്. ബി.ജെ.പിയിലെത്തിയ ശേഷം ഉപതെരഞ്ഞെടുപ്പിലും പച്ചതൊട്ടു. ബി.എസ്. യെദിയൂരപ്പയുടെ കാബിനറ്റിൽ അംഗമായിരുന്ന പാട്ടീലിനെ ബസവരാജ ബൊമ്മൈ അധികാരമേറ്റതോടെ തഴയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.