ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികൾക്കു പിന്നാലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരോടും ജനപ്രതിനിധികളോളും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കണമെന്ന് പറഞ്ഞ യോഗി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.
നമ്മുടെ പ്രവർത്തനങ്ങളിലൊന്നും വി.ഐ.പി സംസ്കാരം പ്രതിഫലിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യോഗി മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ജനത്തെ പതിവായി സന്ദർശിച്ച് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരിൽ ഒരാളാകണമെന്നും മന്ത്രിമാരെ അദ്ദേഹം ഓർമപ്പെടുത്തി.
‘സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, പൊതുതാൽപര്യത്തിന് മുൻഗണന നൽകണം. സമൂഹത്തിന്‍റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തിയുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആവശ്യങ്ങളും പരിഹരിക്കപ്പെടണം’ - യോഗി പറഞ്ഞു. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചിരുന്ന യു.പിയിൽ ഇത്തവണ പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടായത്. സംസ്ഥാനത്തെ 80 സീറ്റുകളും ജയിക്കുമെന്ന അവകാശപ്പെട്ട ബി.ജെ.പി 33 സീറ്റുകളിലേക്ക് ചുരുങ്ങി. 2019ൽ 62 സീറ്റുകളിലാണ് പാർട്ടി ജയിച്ചത്. എസ്.പിയും കോൺഗ്രസും ചേർന്ന ഇൻഡ്യ സഖ്യം 43 സീറ്റുകൾ നേടി മികച്ച മുന്നേറ്റമുണ്ടാക്കി. വാരാണസിയിൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറഞ്ഞതും പാർട്ടിക്ക് കനത്ത ആഘാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.