കേസുകളിൽ നേരിയ വർധന; കർണാടകയിൽ വീണ്ടും ജാഗ്രത

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ നേരിയ തോതിൽ ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കോവിഡ് കേസുകൾ ഘട്ടം ഘട്ടമായി ഉയരുന്നത് നിരീക്ഷിച്ച് അതി ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ഏപ്രിൽ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം പുതിയ മാർഗനിർദേശം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ സംസ്ഥാനങ്ങളോട് നിരീക്ഷണം കാര്യക്ഷമമാക്കാനും മുൻകരുതൽ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ ആവശ്യമായ നിർദേശം നൽകിയതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന മാർഗനിർദേശം നടപ്പാക്കാനാണ് തീരുമാനം. കോവിഡിന്‍റെ പുതിയ വകഭേദം സംബന്ധിച്ച പഠനവും നടക്കുന്നുണ്ട്.

ജനങ്ങൾ ജാഗ്രതയോടെ മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രാജ്യത്തെ വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകുമെന്ന സൂചനയാണ് കേസുകളിലെ ഉയർച്ച ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ബംഗളൂരുവിൽ ഒമിക്രോണിന്‍റെ പുതിയ രണ്ട് ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ കോവിഡ് കേസുകളുടെ വർധന പുതിയ വകഭേദത്തെ തുടർന്നാണെന്ന് പറയാനാകില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശനിയാഴ്ച ബംഗളൂരുവിലെ രോഗ സ്ഥിരീകരണ നിരക്ക് മൂന്നു ശതമാനമായും കർണാടകയിലേത് ഒരു ശതമാനമായും ഉയർന്നിരുന്നു.

ഒരു മാസത്തിനുശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. എന്നാൽ, ശനിയാഴ്ച (ഏപ്രിൽ 23) 139പേർക്കായി. ശനിയാഴ്ച സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് 1.37 ശതമാനമായും ഉയർന്നു. ഒരോ ദിവസത്തെയും നേരിയ വർധന മറ്റൊരു തരംഗത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ച 139 കേസുകളിൽ 132 കേസുകളും ബംഗളൂരുവിലാണ്. മുൻകാലങ്ങൾക്ക് സമാനമായി ഇത്തവണയും പ്രഭവ കേന്ദ്രം ബംഗളൂരുവാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

അതേസമയം, നേരിയ വർധന മാത്രമാണെന്നാണ് കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങൾ പറയുന്നത്. ഞായറാഴ്ച സംസ്ഥാനത്ത് പുതുതായി 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ മാത്രം 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Tags:    
News Summary - Slight increase in covid cases; Vigilance again in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.