ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ (ജെ.ഇ.ഇ, നീറ്റ്) നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മുൻകൈയെടുത്ത് വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ കേന്ദ്ര സർക്കാറിന് എതിരെ രൂക്ഷവിമർശനമുയർന്നു. ഓൺലൈൻ വഴിയായിരുന്നു യോഗം. സഹകരണാത്മക ഫെഡറലിസത്തിെൻറ പേരുപറഞ്ഞ് സംസ്ഥാന സർക്കാറുകളെ ശരിപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, അമരീന്ദർ സിങ്, ഭൂപേഷ് ബാഘേൽ, അശോക് ഗെഹ്ലോട്ട്, വി. നാരായണസ്വാമി എന്നിവർ പങ്കെടുത്തു.
ന്യൂഡൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റായ www.ntaneet.nic.inൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 12 മണിക്ക് പുറത്തുവിട്ട ഹാൾടിക്കറ്റുകൾ ആദ്യ മൂന്നു മണിക്കൂറിനകം നാലുലക്ഷം പേർ ഡൗൺലോഡ് ചെയ്തു. 15.97 ലക്ഷം പേരാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടുമെന്ന അഭ്യൂഹം അവസാന നിമിഷംവരെ നിലനിന്നിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച് തന്നെ നടക്കുമെന്ന് ചൊവ്വാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിച്ചും മുറികളിൽ വിദ്യാർഥികളുടെ എണ്ണം കുറച്ചും ഇടവിട്ട് ഇരുത്തിയുമെല്ലാമാണ് കോവിഡ് സുരക്ഷയിൽ പരീക്ഷ നടത്തിപ്പ്. 24നു പകരം 12 കുട്ടികളെയാണ് ഒരു മുറിയിൽ പ്രവേശിപ്പിക്കുക. പരീക്ഷകേന്ദ്രങ്ങളുടെ എണ്ണം 2546ൽനിന്ന് 3843 ആയാണ് വർധിപ്പിച്ചത്.
പരീക്ഷഹാളിന് പുറത്തും ശാരീരിക അകലം പാലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹാൾടിക്കറ്റിൽ പരീക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കൊപ്പം കോവിഡ് നിബന്ധനകളും പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 9.53 ലക്ഷം പേർ എഴുതുന്ന അഖിലേന്ത്യ എൻജിനീയറിങ് പ്രേവശന പരീക്ഷയായ ജെ.ഇ.ഇ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ തീയതികളിലാണ് നടക്കുക. ജെ.ഇ.ഇ പരീക്ഷകേന്ദ്രങ്ങൾ 570ൽനിന്ന് 660 ആയും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.