ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പൊതു സ്ഥാനാർഥിയെ നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിൽ വിവിധ പാർട്ടി നേതാക്കൾക്കായി ഉച്ചവിരുന്ന് ഒരുക്കുന്നു.
പ്രതിപക്ഷത്തിന് പൊതുസമ്മതനായ സ്ഥാനാർഥി ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സ്ഥാനാർഥി കോൺഗ്രസിൽനിന്നാകാൻ സാധ്യതയില്ല.
ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, മമതയുമായി സംസ്ഥാനത്ത് കൊമ്പുകോർക്കുന്ന സി.പി.എമ്മിെൻറ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉച്ചവിരുന്നിൽ പെങ്കടുക്കുന്നുണ്ട്.
പൊതുസമ്മതനെ നിർത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ താൽപര്യം ഇതിൽതന്നെ പ്രകടമാണ്. സ്വീകാര്യനായൊരു സ്ഥാനാർഥി നിർദേശിക്കപ്പെട്ടാൽ പിന്താങ്ങുമെന്നാണ് സി.പി.എമ്മിെൻറ നിലപാട്. നേരത്തേ നടന്ന സോണിയ-മമത കൂടിക്കാഴ്ച അത്തരമൊരു സ്ഥാനാർഥിയെ നിർദേശിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു. അതേസമയം, ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വിരുന്നിൽ പെങ്കടുക്കുന്നില്ല. എന്നാൽ, പാർട്ടി നേതാവ് ശരദ് യാദവ് എത്തിയേക്കും. അതേസമയം, പ്രതിപക്ഷ നിരയിൽനിന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വിരുന്നിന് ക്ഷണമില്ല.
ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഉറപ്പുള്ള എ.െഎ.എ.ഡി.എം.കെ, ടി.ആർ.എസ് കക്ഷികളെയും ക്ഷണിച്ചിട്ടില്ല. കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി നിലനിൽക്കുന്ന ഉരസലാണ് കെജ്രിവാളിനെ അവഗണിക്കാൻ കാരണം.
ബി.ജെ.പി സർക്കാറിെൻറ മൂന്നാം വാർഷികം പ്രമാണിച്ച് പാർട്ടി അധ്യക്ഷൻ അമിത് ഷാ നടത്തുന്ന പ്രത്യേക വാർത്തസമ്മേളനത്തിൽ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെക്കുറിച്ച് സൂചനയുണ്ടാവുമെന്നാണ് പ്രതീക്ഷ.
പ്രതിപക്ഷ സ്ഥാനാർഥിയെ ജൂൺ ആദ്യവാരം പ്രഖ്യാപിച്ചേക്കും. മൂന്നിന് ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ജന്മദിന വേളയിൽ പ്രതിപക്ഷ നേതാക്കൾ ഒത്തുകൂടുന്നുണ്ട്. ജൂലൈയിൽ കാലാവധി പൂർത്തിയാവുന്ന രാഷ്ട്രപതി പ്രണബ് മുഖർജി രണ്ടാമൂഴത്തിന് ഇല്ലെന്ന സന്ദേശമാണ് വ്യാഴാഴ്ച മാധ്യമ പ്രവർത്തകർക്ക് നൽകിയത്. രണ്ടുമാസം കഴിഞ്ഞാൽ പുതിയ രാഷ്ട്രപതി വരുമെന്ന് പ്രസ് സെക്രട്ടറി വേണു രാജാമണിക്ക് രാഷ്ട്രപതി ഭവനിൽ നൽകിയ യാത്രയയപ്പു ചടങ്ങിൽ പ്രണബ് മുഖർജി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.