ന്യൂഡൽഹി: തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) യുടെ അവിശ്വാസ പ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കറുടെ അനുമതി. അവിശ്വാസ പ്രമേയം ലോക്സഭ ചർച്ച ചെയ്യും. പ്രമേയത്തിൽ ചർച്ചക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. ടി.ഡി.പി.യുടെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതായി കോൺഗ്രസ് ലോക്സഭയിൽ വ്യക്തമാക്കി.
അതേ സമയം, വർഷകാല സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് വിഷയത്തിലും രാഷ്ട്രീയ പാർട്ടികളുമായി ചർച്ചക്ക് സർക്കാർ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 10 വരെ നീളുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
അവിശ്വാസം 15 വർഷത്തിനിടയിൽ ആദ്യം
ന്യൂഡൽഹി: 15 വർഷത്തിനിെട ആദ്യമാണ് അവിശ്വാസ പ്രമേയം ലോക്സഭ ചർച്ചചെയ്യുന്നത്. 2003ൽ വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുമുമ്പ് അവിശ്വാസ നോട്ടീസ് സഭ പരിഗണിച്ചത്.
അടുത്തകാലം വരെ എൻ.ഡി.എ പാളയത്തിലായിരുന്ന തെലുഗുദേശം പാർട്ടി (ടി.ഡി.പി) കഴിഞ്ഞ സമ്മേളന കാലത്തും അവിശ്വാസ നോട്ടീസ് നൽകിയിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിച്ച് അധിക ധനസഹായം നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് അവരുടെ വിഷയം. സഭയിലെ ബഹളം കാരണം പിന്തുണക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയുന്നില്ലെന്നായിരുന്നു അന്ന് സ്പീക്കറുടെ ന്യായവാദം. ഇക്കുറി നോട്ടീസ് പരിഗണിക്കുന്ന വേളയിൽ നടുത്തളത്തിൽനിന്ന് പിന്മാറി പ്രതിപക്ഷാംഗങ്ങൾ ബഹളം മയപ്പെടുത്തി.
സഭാനടപടി മുന്നോട്ടുനീക്കണമെങ്കിൽ പ്രതിപക്ഷാവശ്യത്തിന് വഴങ്ങണമെന്ന സ്ഥിതി വന്നതോടെയാണ് അവിശ്വാസ ചർച്ചക്ക് സർക്കാർ സമ്മതം മൂളിയത്.
വിവിധ വിഷയങ്ങളെ ചൊല്ലിയുള്ള ബഹളത്തോടെയായിരുന്നു പാർലമെൻറ് സമ്മേളനത്തിെൻറ തുടക്കം. പട്ടികവിഭാഗ സംവരണ പ്രശ്നമുയർത്തി സമാജ്വാദി പാർട്ടിയും പ്രേത്യക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പിയും തുടക്കത്തിലേ നടുത്തളത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.