അഭിഷേകിന്റെ വിമർശനം വൈറലായി; ഇനി വിമർശിച്ചാൽ നടപടിയെന്ന് സ്പീക്കർ

ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയെ സ്വന്തം കടമകൾ ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി സഭയിൽ നടത്തിയ പ്രസംഗം വൈറലായി. അതോടെ സ്പീക്കർക്കെതിരെ സഭാംഗങ്ങൾ നടത്തുന്ന വിമർശനത്തിനെതിരെ അവകാശ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഓം ബിർള രംഗത്തുവന്നു. ഇരട്ട നിലപാടിന് സ്പീക്കറെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വിമർശിച്ചതിന് സമാനമായിരുന്നു സ്പീക്കറുടെ ഇരട്ട നിലപാട് അഭിഷേക് ചോദ്യം ചെയ്തത്.

താങ്കൾ താങ്കളുടെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും താങ്കൾ ഈ സഭയുടെ സ്പീക്കറാണെന്നും അഭിഷേക് ബാനർജി പറഞ്ഞപ്പോൾ തനിക്ക് നിർദേശം നൽകേണ്ട എന്ന് സ്പീക്കർ തിരിച്ച് ഓർമിപ്പിച്ചു. അതിന് ശേഷമാണ് സ്പീക്കറുടെ ഇരട്ടത്താപ്പ് അഭിഷേക് ചോദ്യം ചെയ്തത്. അതിങ്ങനെ: ‘‘60 വർഷം മുമ്പുള്ള ജവഹർ ലാൽ നെഹ്റുവിനെക്കുറിച്ചും മറ്റു നേതാക്കളെ കുറിച്ചും വല്ലതും പറഞ്ഞാൽ തങ്കൾ ഒന്നും മിണ്ടില്ല. എന്നാൽ അഞ്ച് വർഷം മുമ്പുള്ള നോട്ടുനിരോധനത്തെ കുറിച്ച് സംസാരിച്ചാൽ അപ്പോൾ വർത്തമാന വിഷയത്തിൽ സംസാരിക്കാൻ താങ്കൾ ആവശ്യപ്പെടും. ഇത് നടപ്പില്ല സർ. ഞാൻ ബജറ്റിന്മേൽ തന്നെയാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ ബിപ്ളവ് ദേവ് 100 വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞു. 50 വർഷം മുമ്പുള്ള അടിയന്തരാവസ്ഥയുടെ കാര്യം പറഞ്ഞു. അപ്പോൾ താങ്കൾ നിശബ്ദനായിരുന്നു. ഞാൻ ​നോട്ടുനിരോധനത്തെ കുറിച്ച് പറയുമ്പോൾ താങ്കൾക്ക് പറ്റുന്നില്ല. ഇതാണ് ദുരന്തം’’.

ഈ പ്രസംഗം ബുധനഴ്ച രാത്രിയോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വ്യഴാഴ്ച രാവിലെ സഭ സമ്മേളിച്ചയുടൻ സ്പീക്കർക്കെതിരായ സംസാരങ്ങൾ സഭയിൽ ആവർത്തിക്കുന്ന കാര്യം അഭിഷേകിന്റെ പേര് പറയാതെ കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ഉന്നയിച്ചത്. സ്പീക്കർക്കെതിരായ ഇത്തരം സംസാരങ്ങൾ അവകാശലംഘനമാായി കണ്ട് നടപടി എടുക്കണമെന്ന് റിജിജു ആവശ്യപ്പെട്ടു. അതംഗീകരിച്ചാണ് ഓം ബിർള ഭാവിയിൽ സ്പീക്കർ പദവിക്കെതിരായ വിമർശനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും വ്യക്തമാക്കിയത്.

Tags:    
News Summary - Speaker says action will be taken if criticize speaker in sabha anymore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.