വന്ധ്യത കൂടുന്നത് ഇന്ത്യൻ ജനസംഖ്യയെ ബാധിക്കുമെന്ന് ഐ.വി.എഫ് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ വന്ധ്യതാനിരക്ക് ഗണ്യമായി വർധിച്ചത് ഭാവി ജനസംഖ്യയെ ബാധിക്കുമെന്ന് ലോക ഐ.വി.എഫ് (ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ കൃത്രിമ ബീജസങ്കലനം) ദിനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വന്ധ്യതാ ചികിത്സയിൽ കരസ്ഥമാക്കിയ ശ്രദ്ധേയമായ നേട്ടങ്ങളെ മുൻനിർത്തി എല്ലാ വർഷവും ജൂലൈ 25നാണ് ലോക ഐ.വി.എഫ് ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ആറിൽ ഒരാൾക്ക് വന്ധ്യതയുണ്ട്.

“ഇന്ത്യയിൽ ഏകദേശം 1.5-2 കോടി ദമ്പതികൾ വന്ധ്യതയുള്ളവരാണ്. പുരുഷൻമാരിലാണ് ഇതിൽ 40 ശതമാനത്തോളവും. ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് പുരുഷ വന്ധ്യത ക്രമാനുഗതമായി വർധിക്കുകയാണ്’ -ബംഗളൂരു ക്ലൗഡ്നൈൻ ഹോസ്പിറ്റലിലെ വന്ധ്യതാ വിദഗ്ധൻ എസ്. അശ്വിനി അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവിയെ സ്വാധീനിച്ചേക്കാവുന്ന തരത്തിൽ വന്ധ്യതാനിരക്ക് ഉയരുന്നത് കാര്യമായ വെല്ലുവിളിയാണ്’ -ഇന്ദിര ഐ.വി.എഫ് സി.ഇ.ഒയും സഹസ്ഥാപകനുമായ ക്ഷിതിസ് മുർദിയ വാർത്താ ഏജൻസിയോട് പറഞ്ഞു.

അണ്ഡാശയങ്ങളിൽ ചെറു കുമിളകൾ നിറയുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പി.സി.ഒ.ഡി.) ആണ് 22.5 ശതമാനം സ്ത്രീകളെയും ബാധിക്കുന്നത്. ലഹരിവസ്തുക്കളുടെ വർധിത ഉപയോഗം, ജീവിതശൈലി വ്യതിയാനം, ലൈംഗിക അണുബാധ എന്നിവയാണ് ഇന്ത്യയിലെ വന്ധ്യതയുടെ മറ്റുകാരണങ്ങൾ. ഉയർന്ന അളവിലുള്ള വായു മലിനീകരണവും വിഷവസ്തുക്കളുമായുള്ള സമ്പർക്കവും അടക്കമുള്ള പാരിസ്ഥിതിക ഘടകങ്ങളും ബീജത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന ഡിഎൻഎയിൽ മാറ്റം വരുത്തുമെന്ന് അശ്വിനി പറഞ്ഞു.

തൊഴിൽപരമായ പ്രശ്നങ്ങൾ കാരണം വിവാഹവും ഗർഭധാരണവും വൈകിപ്പിക്കുന്നതും വന്ധ്യതക്കുള്ള മറ്റൊരു കാരണമാണ്. പുരുഷന്മാരുടെ പ്രായം കൂടുന്നതിനനുസരിച്ച് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. "ഏകദേശം 27.5 ദശലക്ഷം ദമ്പതികൾ ഗർഭധാരണത്തിന് പ്രയാസം നേരിടുന്നുണ്ട്. എന്നാൽ, 2.75 ലക്ഷം പേർ മാത്രമാണ് ഓരോ വർഷവും ഐ.വി.എഫ് ചികിത്സക്ക് വിധേയരാകുന്നത്’’ -മുർദിയ പറഞ്ഞു. ഭാവിയിൽ പ്രായമേറിയവരു​ടെ എണ്ണം വർധിക്കാനും യുവാക്കളുടെ എണ്ണം കുറയാനും വന്ധ്യത ഇടയാക്കു​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരപ്രദേശങ്ങളിലെ ജീവിതശൈലിയും സമ്മർദവും കാരണം പുരുഷ വന്ധ്യത വർധിക്കുന്നുണ്ട്. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും ബീജത്തിന്റെ എണ്ണത്തിലും ഗുണനിലവാരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചെറുപ്പക്കാരായ പുരുഷന്മാരെ വന്ധ്യത സാരമായി ബാധിക്കുന്നുവെന്നതാണ് കൂടുതൽ ആശങ്കാജനകമായ വസ്തുതയെന്നും ഇവർ പറഞ്ഞു.

.

Tags:    
News Summary - Rising infertility rate may impact demographic future of India: Experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.