ഡറാഡൂൺ: ഹരിദ്വാറിലെ ധർമ സൻസദ് സമ്മേളനത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. കേസ് വിശദമായി പരിശോധിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി ഗഡ്വാൾ ഡി.ഐ.ജി കെ.എസ്. നങ്യാൽ അറിയിച്ചു. അഞ്ചുപേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഉചിത നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 16 മുതൽ 19 വരെ തീയതികളിലാണ് വിവാദ സമ്മേളനം നടന്നത്. മുസ്ലിംകൾക്കെതിരെ ആയുധമെടുക്കണമെന്നും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്തുള്ള ധർമ സൻസദിലെ പ്രസംഗങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുക്കാൻ തുടക്കത്തിൽ ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ തയാറായില്ല. വിദ്വേഷ പ്രസംഗം നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന വ്യാപക ആക്ഷേപമുയർന്നതോടെയാണ് ദിവസങ്ങൾക്ക് ശേഷം കേസെടുത്തത്. യതി നരസിംഹാനന്ദ്, സാധ്വി അന്നപൂർണ എന്ന സാഗർ സിന്ധു മഹാരാജ്, മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ച യു.പി ശിയാ വഖഫ് ബോർഡ് മുൻ അധ്യക്ഷൻ വസീം രിസ്വി തുടങ്ങിയവർക്കെതിരെയാണ് നിലവിൽ കേസ്. പരിപാടിയുടെ മുഖ്യസംഘാടകനായ യതി നരസിംഹാനന്ദയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
മറ്റുള്ളവർക്കെതിരെ കേസെടുത്തിട്ടും യതിയെ തൊടാൻ പൊലീസ് തയാറായില്ല. വിവാദം കത്തിപ്പടർന്നതോടെ കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് യതിയെയും പ്രതി ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.