ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്പെക്ട്രം ലേലം തുടങ്ങി. ആദ്യദിനം മൂന്നു റൗണ്ട് ലേലം പൂര്‍ത്തിയായപ്പോള്‍ ഹൈ സ്പീഡ് വിഭാഗത്തില്‍പെടുന്ന 4ജി സേവനങ്ങള്‍ നല്‍കാനുതകുന്ന 1800, 2100 മെഗാ ഹെഡ്സ് ബാന്‍ഡുകള്‍ക്കാണ് കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചത്.
ടെലികോം കമ്പനികള്‍ തമ്മില്‍ 4ജി യുദ്ധം മുറുകിയ പശ്ചാത്തലത്തില്‍ തങ്ങളുടെ നെറ്റ്വര്‍ക് ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണിത്. 5.66 ലക്ഷം കോടി രൂപയാണ് പുതിയ സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, എയര്‍സെല്‍, ടാറ്റ ടെലി സര്‍വിസ് എന്നിവക്കൊപ്പം പുതിയ താരം മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോവും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
700 മെഗാഹെര്‍ട്സ് ബാന്‍ഡ് ആദ്യമായി വില്‍പനക്ക് വെച്ചിരിക്കുന്നുവെന്നതാണ് ഇത്തവണത്തെ ലേലത്തിന്‍െറ പ്രത്യേകത. ഉന്നത ഗുണനിലവാരത്തില്‍ മുറികള്‍ക്കകത്തും 4ജി സ്പീഡില്‍ സേവനം നല്‍കാന്‍ സാധിക്കുന്നതാണ് 700 മെഗാഹെര്‍ട്സ് ബാന്‍ഡ്. എന്നാല്‍, ലേലത്തിന്‍െറ ആദ്യദിനത്തില്‍ കമ്പനികളാരും പ്രസ്തുത ബാന്‍ഡിനോട് പ്രിയം കാണിച്ചില്ളെന്നാണ് വിവരം. നാലു ലക്ഷം കോടി രൂപയാണ് അടിസ്ഥാന വിലായായി നിശ്ചയിച്ചിട്ടുള്ളത്.
പ്രസ്തുത വില ഉയര്‍ന്നതാണെന്ന് ടെലികോം കമ്പനികള്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. അടിസ്ഥാന വില കുറക്കാത്തതിലുള്ള സമ്മര്‍ദമെന്ന നിലക്ക് കമ്പനികള്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ 700 മെഗാഹെര്‍ട്സ് ബാന്‍ഡിനായി ശ്രമിക്കുന്നതില്‍നിന്ന് മാറി നിന്നതാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.