ന്യൂഡൽഹി: രാത്രി ഒരു മണിക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റ് പൈലറ്റിനെ ആക്രമിച്ച് പണം കവർന്നു. ഡൽഹി ഐ.ഐ.ടിക്കടുത്താണ് ബുധനാഴ്ച രാത്രി സംഭവമുണ്ടായത്. നടുറോഡിൽ തോക്കിൻ മുനയിൽ നിർത്തിയാണ് ഇദ്ദേഹത്തിന്‍റെ പക്കൽ നിന്ന് പണം കവർന്നത്. പിന്നീട് സംഘത്തിലൊരാൾ കത്തികൊണ്ട് മാരകമായ രീതിയിൽ കുത്തുകയായിരുന്നു.
സ്പൈസ് ജെറ്റിൽ ക്യാപ്റ്റനായ യുവരാജ് തേവതിയ ഫരീദാബാദിലെ വീട്ടിൽ നിന്ന് ഓഫിസ് കാറിൽ ജോലിക്ക് പോകവെയാണ് സംഭവമുണ്ടായത്. ഐ.ഐ.ടി ഫ്ലൈ ഓവറിനനടുത്തെത്തിയപ്പോൾ അഞ്ച് ബൈക്കുകളിലായി എത്തിയ പത്തംഗ സംഘം കാർ തടഞ്ഞു.
കാറ് വളഞ്ഞ സംഘം വിൻഡോ തകർത്ത് പൈലറ്റിനുനേരെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി രൂപയും മറ്റ് സാധനങ്ങളും കവർന്നു. പോകുന്നതിനുമുൻപ് ഒരാൾ കത്തികൊണ്ട് മാരകമായി മുറിവേൽപ്പിച്ചതായി ഇദ്ദേഹം പിന്നീട് പൊലീസിനോട് പറഞ്ഞു.
സംഘം സ്ഥലം വിട്ടതിനുശേഷം യുവരാജ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. രക്തം വാർന്ന നിലയിൽ അവശനായ ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
സമാനമായ രീതിയിൽ ഇതേ സ്ഥലത്ത് വെച്ച് തൊട്ടടുത്ത ദിവസങ്ങളിൽ പലരും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. രക്തക്കറ പുരണ്ട, തകർന്ന ചില്ലുകളുമായി കിടക്കുന്ന കാർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.