ന്യൂഡൽഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്പെൻഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി.
നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ബി.ജെ.പിയുടെ ലോക്സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അനുകൂലിക്കുന്നവർ വൻവിജയം നേടിയിരുന്നു. പ്രസിഡന്റടക്കം 15ൽ 13 സ്ഥാനങ്ങളിലേക്കും ഈ പാനലാണ് ജയിച്ചത്. ഏഴിനെതിരെ 40 വോട്ടുകൾ നേടി ബ്രിജ്ഭൂഷണിന്റെ വിശ്വസ്തനും യു.പി ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ കോമൺ വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രി അനിത ഷിയോറണായിരുന്നു സഞ്ജയിന്റെ എതിരാളി. സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഞ്ജയ് പാനൽ ജയിച്ചു.
വനിത ഗുസ്തിതാരങ്ങൾ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണോ ബന്ധുക്കളോ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ പ്രക്ഷോഭകർക്ക് നൽകിയ ഉറപ്പ്. ഇതേത്തുടർന്നാണ് ജന്തർ മന്തറിലെ സമരം പിൻവലിച്ചത്. പലതവണ മാറ്റിവെച്ച വോട്ടെടുപ്പ് നടന്നപ്പോൾ പക്ഷേ, ബ്രിജ്ഭൂഷണിന്റെ വിശ്വസ്തർതന്നെ ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും ജയിച്ചത് താരങ്ങൾക്ക് തിരിച്ചടിയായി. ഇവരെ അനുകൂലിക്കുന്ന രണ്ടുപേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെക്രട്ടറി ജനറലായി പ്രേംചന്ദ് ലൊച്ചാബ് 27-19നും സീനിയർ വൈസ് പ്രസിഡന്റായി ദേവേന്ദ്ര സിങ് കദിയാൻ 32-15നും ജയിച്ചു. ഹോട്ടൽ വ്യാപാരിയായ ദേവേന്ദ്ര സിങ് ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയിരുന്ന താരങ്ങൾക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു. സഞ്ജയ് സിങ്ങിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ബ്രിജ്ഭൂഷൺ പാനലിലെ രണ്ടുപേർ തോറ്റത് തെരഞ്ഞെടുപ്പിനു മുമ്പെ നീക്കുപോക്കുകൾ ഉണ്ടാക്കിയിരുന്നുവെന്ന സംശയമുണർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.