ഹൈദരാബാദ്: ദൈവങ്ങളുടെ ഫോട്ടോകൾ കൊണ്ട് ജനങ്ങളുടെ വയറ് നിറക്കാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ലക്ഷ്യമിട്ടാണ് ഖാർഗെ ഇങ്ങനെ പറഞ്ഞത്. ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ പാർട്ടിയുടെ ബുത്ത് ലെവൽ ഏജൻറുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.
''എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരിൽ പത്രങ്ങളിലെ ഒന്നാംപേജുകളിൽ പരസ്യംവരുന്നു. എനിക്ക് ഒരുകാര്യം മാത്രമാണ് ചോദിക്കാനുള്ളത്. മുമ്പ് നൽകിയ വാഗ്ദാനങ്ങൾ മോദി പാലിച്ചിട്ടുണ്ടോ? അടുത്ത പാർലമെന്റ് സമ്മേളനത്തിൽ എനിക്ക് കുറച്ച് കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാനുണ്ട്. ദൈവങ്ങളുടെ ഫോട്ടോ കാണിച്ചുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാൻ കളിയില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ പാകിസ്താൻ, ചൈന, ദൈവം എന്നീ പേരുകൾ പറഞ്ഞ് കൈകഴുകുന്നത് മോദി ശീലമാക്കിയിരിക്കുകയാണ്. ഈ വലയിൽ ആരും വീണുപോകരുത്. നിങ്ങൾ വലയിൽ വീണാൽ ജനാധിപത്യം അതോടെ അവസാനിക്കും.''-എന്നാണ് ഖാർഗെ പറഞ്ഞത്.
തെലങ്കാനയിൽ ഒറ്റക്ക് പൊരുതിയാണ് കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയതെന്ന് ഖാർഗെ സൂചിപ്പിച്ചു. ആയിരം മിന്നൽപിണരുകൾ വരും. ലക്ഷക്കണക്കിന് കൊടുങ്കാറ്റുകൾ ഉയർന്നു വരും. അപ്പോഴും വിരിയാനിരിക്കുന്ന പൂക്കൾ വിരിയും. തെലങ്കാനയെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും വിജയം കൊയ്യാൻ സാധിക്കണം.-ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.