പഞ്ചാബിൽ ശിവസേനയും ഖലിസ്ഥാൻ സംഘടനകളും ഏറ്റുമുട്ടി; രണ്ടുപേർക്ക് പരിക്ക്; പാട്യാലയിൽ കർഫ്യു

ന്യൂഡൽഹി: പഞ്ചാബിലെ പാട്യാലയിൽ ശിവസേന റാലിക്കിടെ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ശിവസേന പ്രവർത്തകർ നടത്തിയ റാലിയിൽ ഖലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതാണ് ഖലിസ്ഥാൻ സംഘടനകളെ പ്രകോപിപ്പിച്ചത്.

പാട്യാലയിലെ കാളി മാത ക്ഷേത്രത്തിനു സമീപം ഇരുവിഭാഗവും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലെറിയുകയും പരസ്പരം വടിവാൾ വീശുകയും ചെയ്തു. പഞ്ചാബ് ശിവസേന വർക്കിങ് പ്രസിഡന്‍റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ഖലിസ്ഥാൻ മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. പിന്നാലെ ഖലിസ്ഥാൻ സംഘടനകളും തെരുവിലിറങ്ങി.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് ആറുവരെ പട്യാലയിൽ കർഫ്യൂ ഏർപ്പെടുത്തി. സംഘർഷത്തിന്‍റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുന്നതും വടിവാൾ വീശുന്നതും ദൃശ്യങ്ങളിലുണ്ട്.


Tags:    
News Summary - Stones hurled, swords brandished at Shiv Sena rally as 2 groups spar over anti-Khalistan slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.