ന്യൂഡല്‍ഹി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി ഋഷികേശ് റോയ് പിന്മാറി. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ജസ്റ്റിസ് ഋഷികേശ് റോയ് ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് വാദം കേള്‍ക്കുന്നതില്‍നിന്നു പിന്മാറിയത്. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു.
കേരളത്തിലെ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കില്ലെന്ന് കാട്ടി മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്.
ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹരജിയില്‍ പഠനം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ സമയം അനുവദിച്ചു. എന്നാല്‍, ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെന്‍സസ് നടത്താന്‍ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.
സംവരണ പട്ടിക കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണമെന്നും പിന്നാക്കാവസ്ഥ മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഇന്ദിര സാഹ്നി കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു, എന്നാല്‍, ഈ നിർദേശം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് നല്‍കിയ ഹരജിയില്‍ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം നടത്തി പട്ടിക പുതുക്കാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.