തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖർ 81 ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഡൽഹിയിലെ രോഹിണി ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജയിൽ അധികൃതർക്ക് കൈക്കൂലി നൽകിയെന്ന് റിപ്പോർട്ട്. ജയിലിൽ അനധികൃത ഇടപാടുകൾ നടത്തുന്നതിനും പുറത്തുള്ളവരുമായി ബന്ധപ്പെടാൻ ഫോണുകൾ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു നൽകിയെന്നും പറയുന്നു. ജയിലിലെ 81 ഉദ്യോഗസ്ഥർക്കാണ് സുകേഷ് കൈക്കൂലിയായി ലക്ഷങ്ങൾ നൽകിയത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യൂ) പറയുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയും ​സുകേഷിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

നേരത്തേ ജയിൽ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ സഹായത്തോടെ തന്റെ അനുയായികളുമായി ബന്ധപ്പെട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, നിരവധി പേരിൽനിന്ന് പണംതട്ടൽ എന്നീ കുറ്റങ്ങളുടെ പേരിലാണ് സുകേഷ് ജയിലിൽ കഴിയുന്നത്.

ജയിൽ അധികൃതരിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും പണം ആവശ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി ജൂണിൽ സുകേഷും ഭാര്യയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജയിൽ അധികൃതർ തന്നിൽനിന്ന് 12.5 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം.

ഉന്നത വ്യക്തികളെ കബളിപ്പിച്ച് പണം തട്ടൽ, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് സുകേഷിനെതിരായ കേസ്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇയാളുടെ പേരിലുള്ളത്. 

Tags:    
News Summary - Sukesh Chandrashekhar Bribed 81 Delhi Jail Staff Say Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.